കൊവിഡിന് ആരോഗ്യശാസ്ത്രത്തിൽ മരുന്ന് കണ്ടുപിടിച്ചിട്ടില്ല എന്നത് പൊതുസമൂഹത്തെ വളരെയേറെ ആശങ്കപ്പെടുത്തുന്നു. പക്ഷേ ഒരു കാര്യം നമ്മൾ ഓർക്കണം. കൊവിഡ് വൈറസിന് മാത്രമല്ല, ലോകത്തെ ഒരു വൈറസിനും കൃത്യമായ ഒരു മരുന്ന് കണ്ടുപിടിച്ചിട്ടില്ല എന്നതാണ് വാസ്തവം. വൈറസിന്റെ രൂപഘടനയും ജനിതക ശക്തിയും അനുസരിച്ച് മനുഷ്യ കോശങ്ങളിലെ അതിന്റെ ജൈവരസതന്ത്ര പ്രവർത്തനം വ്യത്യാസപ്പെട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ നിപ, സിക്ക, എമ്പോള, എച്ച് 1 എൻ 1, കൊവിഡ്, ഡങ്കി, ചിക്കുൻഗുനിയ എന്നീ വൈറസുകളുടെ ജനിതക വ്യതിയാനം നിമിത്തം ഓരോന്നിന്റെയും മനുഷ്യശരീരത്തിലെ ഇടപെടലുകൾ പല രീതിയിലാണ്.
മരുന്ന് കൊടുത്ത് കീഴ്പ്പെടുത്താൻ പറ്റാത്ത വൈറസുകളെ നമുക്ക് ശാസ്ത്രീയമായി കൃത്യതയോടെ പ്രതിരോധിക്കാനാവുന്ന പ്രതിവിധിയാണ് വാക്സിൻ. അതുകൊണ്ടുതന്നെ കൊവിഡ് 19ന്റെ വാക്സിൻ ഗവേഷണം ശാസ്ത്രലോകം അതീവ ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത്. വൈറസ് ബാധയുടെ ഭീതിയിൽ നിന്ന് മനുഷ്യസമൂഹത്തെ സംരക്ഷിച്ച രണ്ട് പ്രധാന വാക്സിൻ കണ്ടുപിടിത്തങ്ങളാണ് എഡ്വേർഡ് ജന്നറിന്റെ സ്മാൾ പോക്സ് വാക്സിനും (1796) ലൂയി പാസ്റ്ററിന്റെ പേപ്പട്ടി വിഷ വാക്സിനും (1885). ഇപ്പോഴും ആ വാക്സിനുകളുടെ സംരക്ഷണയിലാണ് ലോക ജനത.
ഇംഗ്ളണ്ടിലെ യൂണിവേഴ്സിറ്റി ഒഫ് ഓക്സ്ഫോർഡിന്റെ കീഴിലുള്ള ഓക്സ്ഫോർഡ് വാക്സിൻ ഗ്രൂപ്പാണ് കൊവിഡ് 19 ന്റെ വാക്സിൻ ഗവേഷണം വിജയത്തിലെത്തിച്ചത്. യൂണിവേഴ്സിറ്റിയുടെ ശിശുരോഗ വിഭാഗം പ്രൊഫസർ ഡോ. ആൻഡ്രു ജെ. പൊള്ളാർഡിന്റെ നേതൃത്വത്തിൽ മുപ്പതോളം ബ്രിട്ടനിലെ ശാസ്ത്രജ്ഞന്മാരുടെ ഗവേഷണ കൂട്ടായ്മയിൽ നിന്നാണ് കൊവിഡ് വാക്സിൻ പിറവിയെടുത്തത്. ഓക്സ്ഫോർഡ് വാക്സിൻ ഗ്രൂപ്പിന്റെ ഈ ഗവേഷണ കൂട്ടായ്മയ്ക്ക് ജർമ്മനിയിലെ യൂണിവേഴ്സിറ്റി മാർബർഗിന്റെ സഹകരണവും ലഭിച്ചു.
വിജയകരമായി പൂർത്തിയാക്കിയ കൊവിഡ് വാക്സിന്റെ ഗവേഷണ ഫലത്തിന്റെ പൂർണരൂപം ലോകം അറിഞ്ഞത് ജൂലായ് 20-ാം തീയതി, പ്രശസ്ത അന്തർദേശീയ ജേണലായ ലാൻസറ്റ് അത് പ്രസിദ്ധീകരിച്ചപ്പോഴാണ്.
മൂന്ന് കണ്ടെത്തലുകൾ
വാക്സിൻ നിർമ്മാണത്തിന്റെ ആദ്യത്തേതും ഏറ്റവും പ്രധാന കണ്ണിയുമായ ആന്റിജൻ അഥവാ പ്രോട്ടീൻ,സാർസ് കോവ് 2 - ന്റെ ജീനിൽ നിന്ന് ജനിതക സാങ്കേതികവിദ്യ ഉപയോഗിച്ച് അവർ ഉത്പാദിപ്പിച്ചു. തുടർന്ന് ആന്റിജന്റെ സവിശേഷതകൾ മനസിലാക്കാൻ, ആ പ്രോട്ടീനിന്റെ സ്വഭാവം ജൈവ വിവര സാങ്കേതിക വിദ്യ ഉപയോഗിച്ച് മനസിലാക്കി.
പ്രധാനമായും മൂന്ന് കണ്ടെത്തലുകളാണ് കൊവിഡ് ഗവേഷണ സംഘം പുറത്തുവിട്ടത്.
1. സുരക്ഷിതം
ഓക്സ്ഫോർഡ് കൊവിഡ് വാക്സിൻ പൂർണമായും സുരക്ഷിതമാണെന്ന് തെളിയിച്ചു.
2. പ്രതിരോധശക്തി
കൊവിഡ് ബാധയ്ക്കെതിരെയുള്ള പ്രതിരോധ ശക്തി കൃത്യതയോടെ കണ്ടെത്തി. ഒറ്റ ഡോസിൻ തന്നെ ആന്റിബോഡിയുടെ ഉത്പാദനം വിജയിക്കുകയും രോഗിയുടെ ശരീരത്തിൽ നിലവിലുള്ള സാർസ് കോവ് 2 - നെ നിഷ്ക്രിയമാക്കാനും വാക്സിന് സാധിച്ചു.
3. പാർശ്വ പ്രതികരണം
വാക്സിന്റെ പാർശ്വഫലങ്ങൾ വളരെ കുറവാണെന്ന് തെളിയിച്ചു. ഓക്സ്ഫോർഡിന്റെ പഠന ഡേറ്റ പ്രകാരം വാക്സിനേഷൻ എടുത്ത വ്യക്തികളിൽ കണ്ട തലവേദനയും പനിയും വെറും പാരസെറ്റമോൾ കൊടുത്ത് നിയന്ത്രിക്കാൻ സാധിച്ചു.
വാക്സിന്റെ ഒന്നും രണ്ടും പരീക്ഷണ ഘട്ടങ്ങൾ പൂർണമായി വിജയിച്ചതിനാൽ മൂന്നാം ഘട്ട പരീക്ഷണത്തിൽ, 55 വയസിന് മുകളിലുള്ള വ്യക്തികളെയും, 18 വയസിന് താഴെയുള്ളവരെയും രോഗ തീവ്രത കൂടുതലുള്ള ആരോഗ്യപ്രവർത്തകരെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള പഠനമാണ് വാക്സിൻ ഗ്രൂപ്പ് തയ്യാറാക്കുന്നത്. മൂന്നാം ഘട്ട പരീക്ഷണം, മറ്റ് രാജ്യങ്ങളുമായി ചേർന്നു നടത്തുന്നതിന്റെ ഭാഗമായി ബ്രസീലിനെയും സൗത്ത് ആഫ്രിക്കയും ബ്രിട്ടൻ ഉൾപ്പെടുത്തിയിട്ടുണ്ട്. ആ പഠനത്തിന്റെ ഭാഗമാകാൻ ഇന്ത്യയും സന്നദ്ധത അറിയിച്ചിട്ടുണ്ട്.
യൂണിവേഴ്സിറ്റി ഒഫ് ഓക്സ്ഫോർഡ് വികസിപ്പിച്ച കൊവിഡ് വാക്സിന്റെ വ്യാവസായിക ഉത്പാദനം ആസ്ട്ര സിനിക്ക എന്ന ബ്രിട്ടീഷ് ഫാർമസ്യൂട്ടിക്കൽ കമ്പനിയാണ് ഏറ്റെടുത്തിരിക്കുന്നത്.
2020 ആദ്യം സാർസ് കൊവിഡ് 2 ലോകത്തെ മനുഷ്യ സമൂഹത്തെ ഭീഷണിപ്പെടുത്തിയെങ്കിൽ 2021 ആദ്യം തന്നെ കൊവിഡ് വൈറസിനെ കീഴ്പ്പെടുത്തും എന്ന് ഉറച്ച് വിശ്വസിക്കാം.
(കൊച്ചിയിലെ സ്ക്കോപ്ഫുൾ ബയോ റിസർച്ച് ബയോനെസ്റ്റിന്റെ ഡയറക്ടറാണ് ലേഖകൻ, ഫോൺ:9847065069)