ഏതു നിമിഷവും തങ്ങൾക്കുനേരെ പറന്നു വന്നേക്കാവുന്ന കരിങ്കൽ ചീളുകളെ ഭയന്നാണ് ധോണി നിവാസികൾ ജീവിക്കുന്നത്. ഇടയ്ക്കിടെ ഭൂമിപിളരുന്ന തരത്തിലുള്ള സ്ഫോടനങ്ങൾ കൂടിയാകുമ്പോൾ ജീവിക്കാനായി കൂടും കുടുക്കയും എടുത്ത് നാടുവിടേണ്ട അവസ്ഥാണ് ഇന്നാട്ടുകാരുടേത്. ധോണി വനമേഖലയോട് ചേർന്ന് പ്രവർത്തിക്കുന്ന റോയൽ, മേരിമാത കരിങ്കൽ ക്വാറികളാണ് ജനങ്ങളുടെ ഉറക്കം കെടുത്തുന്നത്. 2019ൽ മുഖ്യമന്ത്രി ഹരിത കേരള അവാർഡ് നേടിയ പഞ്ചായത്തിലാണ് ഈ ദുരിത കാഴ്ചകൾ.
ജില്ലാ ദുരന്തനിവാരണ അതോറിട്ടിയുടെ ദുരന്ത സാദ്ധ്യത മാപ്പിൽ ഉരുൾപൊട്ടലിന് സാദ്ധ്യതയുള്ള സ്ഥലമെന്നാണ് ധോണി വനമേഖലയെ രേഖപ്പെടുത്തിയിരിക്കുന്നത്. സാമ്പത്തിക - രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് നേടിയെടുത്ത പഞ്ചായത്ത് അനുമതിയുടെ മറവിൽ രാപ്പകലില്ലാതെ പാറഖനനം നടക്കുന്നത്. മലനിരകളുടെ ഏകദേശം ഒരുകിലോമീറ്റർ ചുറ്റളവിലാണ് ഈ രണ്ടു ക്വാറി - ക്രഷർ യൂണിറ്റും പ്രവർത്തിക്കുന്നത്. ഇവിടെ ഏകദേശം 300 ഓളം കുടുംബങ്ങളും താമസിക്കുന്നുണ്ട്.
ആകാശം മുട്ടെ വളർന്നുനിന്ന മലനിരകളുടെ മുക്കാൽഭാഗവും ക്വാറി മാഫിയ പൊട്ടിച്ച് കാശാക്കി കഴിഞ്ഞു. നിരന്തരം ഉണ്ടാകുന്ന സ്ഫോടനത്തിന്റെ ഫലമായി പ്രദേശത്തെ ഭൂരിഭാഗം വീടുകളും വിണ്ടുകീറിയ നിലയിലാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ ക്വാറികളുടെ പ്രവർത്തനം നിറുത്തണമെന്ന് ആവശ്യപ്പെട്ട് ക്വാറി വിരുദ്ധ സമരസമിതിയുടെ നേതൃത്വത്തിൽ ജനകീയ പ്രതിഷേധം നടക്കുന്നുണ്ടെങ്കിലും ഒന്നും ഫലം കാണുന്നില്ലെന്നതാണ് യാഥാർത്ഥ്യം. ദിവസവും 300 ലധികം ടിപ്പറുകളാണ് ക്വാറിയിൽ നിന്ന് കല്ലും എംസാന്റുമായി കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പോകുന്നത്. പാലക്കാടിന് പുറമേ എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ഭാഗങ്ങളിലേക്കാണ് ഇവിടെ നിന്നുള്ള കല്ലും മറ്റും കൊണ്ടുപോകുന്നത്.
ലോക്ക്ഡൗണിലെ താഴ്
അൺലോക്ക് ചെയ്തു
കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ രാജ്യം സമ്പൂർണ ലോക്ക് ഡൗണിലേക്ക് നീങ്ങിയപ്പോൾ ധോണിയിലെ ക്വാറികളും നിശ്ചലമായിരുന്നു. കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ലോക് ഡൗൺ ഇളവുകൾ അനുവദിച്ചതോടെ കാര്യങ്ങൾ വീണ്ടും പഴയപടിയായി. ഇതോടെ ധോണി വനമേഖലയിലെ ആദിവാസികുടുംബങ്ങളും അകത്തേത്തറ പഞ്ചായത്തിലെ ജനങ്ങളും ഭീതിയിലാണ്.
മഴക്കാലത്ത് ഉരുൾപ്പൊട്ടാൻ സാദ്ധ്യയുള്ള സ്ഥലമായിട്ടും അധികൃതർ ക്വാറി മാഫിയകൾക്ക് ഒത്താശ ചെയ്തുകൊടുക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാണ്. 2018ലുണ്ടായ പ്രളയത്തിൽ ക്വാറിയിൽ നിന്ന് വെറും 400 മീറ്റർ അകലെ ഉരുൾപ്പൊട്ടലുണ്ടായിരുന്നു. അന്ന് വലിയ കൃഷിനാശം ഉണ്ടാവുകയും പല വീടുകളും ഭാഗികമായി തകരുകയും ചെയ്തിരുന്നു. അതിനാൽ, മാനം കറുക്കുമ്പോൾ തന്നെ ധോണിക്കാർക്ക് നെഞ്ചിടിപ്പും കൂടും.
നൂറുകണക്കിന് സ്ഫോടനങ്ങൾ
ഓരോ പാറമടകളിലും ഒന്നരക്കിലോമീറ്റർ വരെ പ്രകമ്പനം സൃഷ്ടിക്കാൻ ശേഷിയുള്ള നൂറുകണക്കിന് സ്ഫോടനങ്ങളാണ് നടക്കുന്നത്. ഒരു കിലോമീറ്ററിൽ തന്നെ എട്ട് ക്വാറികൾ വരെ പ്രവർത്തിക്കുന്ന മലനിരകൾ കേരളത്തിലുണ്ട്. 500 മീറ്റർ വരെ പാറക്കഷണങ്ങൾ തെറിച്ചുവീഴും. സമീപമുള്ള വീടുകളുടെ ഭിത്തിയിലെ വിള്ളലുകൾ പരിശോധിച്ചാലറിയാം സ്ഫോടനങ്ങളുടെ തീവ്രത. മേൽക്കൂരയും തറയും വിണ്ടുകീറും. ശക്തിയേറിയ സ്ഫോടനത്തിനായി ജലാറ്റിനാണ് പാറമടകളിൽ ഉപയോഗിക്കാറ്. ഇതിനു പുറമേ അമോണിയം നൈട്രേറ്റും ആർ.ഡി.എക്സും ഉപയോഗിക്കുന്നു. ആവർത്തിച്ചുണ്ടാകുന്ന സ്ഫോടനങ്ങളിൽ സംഭവിക്കുന്ന ബലക്ഷയം ഭൂമിക്കടിയിലുള്ള സമ്മർദ്ദങ്ങളെ തടഞ്ഞുനിർത്താനുള്ള മലകളടേയും പാറകളടേയും കഴിവ് ഇല്ലാതാക്കുമെന്ന് വിദഗ്ദ്ധർ പറയുന്നു.
കുറഞ്ഞ വിസ്തൃതിക്കുള്ളിലാകമ്പോൾ ആഘാതം കൂടും. ചെറുകിട ക്വാറികൾക്ക് ലൈസൻസിലൂടെ അനുവദിക്കുന്ന യന്ത്രസാമഗ്രികൾക്ക് നിയന്ത്രണമുണ്ട്. ഓരോ മണ്ണുമാന്തിയും ബ്രേക്കറും ഹിറ്റാച്ചിയുമാണ് ഉപയോഗിക്കാൻ നിയമപരമായി അനുവാദം ലഭിക്കുക. എന്നാൽ, ഉപയോഗിക്കുന്നതാകട്ടെ, അഞ്ചും ആറും യന്ത്രങ്ങളാണ്. ജെ.സി.ബികളുടെ ഇരുമ്പു കൈകൾക്കുള്ളിൽ മിക്സർ സംവിധാനം ഘടിപ്പിക്കും. കോരിയെടുക്കുന്ന കരിങ്കല്ലുകളെ പൊടിയാക്കി മാറ്റും. മണിക്കൂറുകൾക്കകം ഏതു വലിയ പാറയും പൊട്ടിച്ചെടുക്കാനും പൊടിയാക്കാനും ഇതുവഴി കഴിയും.
രാത്രിയും പൊട്ടിക്കൽ തകൃതി
രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെ മാത്രമേ സംസ്ഥാനത്തെ ക്വാറികൾക്ക് പ്രവർത്തിക്കാൻ അനുമതിയുള്ളു. പക്ഷെ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ രാപ്പകലില്ലാതെയാണ് ധോണിയിൽ പാറപൊട്ടിക്കുന്നത്. കഷ്ടിച്ച് ആറു മീറ്റർ മാത്രം വീതിയുള്ള പഞ്ചായത്ത് റോഡിലൂടെയാണ് ടൺ കണക്കിന് ഭാരവുമായി ലോറികൾ നിരന്തരം ചീറിപ്പായുന്നത്. അപരിചിതരായ അന്യദേശങ്ങളിലെ ലോറി ജീവനക്കാർ വീടുകളുടെ പരിസരത്ത് വാഹനം നിർത്തി അതിൽ കിടന്നുറങ്ങുകയും രാവിലെ പ്രാഥമിക കൃത്യങ്ങൾ ഉൾപ്പടെ പ്രദേശത്തുതന്നെ നടത്തുന്നത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതായി മലയോര സമിതി പറയുന്നു.
ശ്വസിക്കാൻ ശുദ്ധവായുവില്ല
പാറപൊട്ടിക്കൽ മൂലം ഉയർന്നുവരുന്ന പൊടി ശ്വസിച്ച് കുട്ടികൾ ഉൾപ്പെടെയുള്ളവർ മാറാരോഗികളായി. വൃദ്ധർക്കാണ് ബുദ്ധിമുട്ട് കൂടുതൽ, അന്തരീക്ഷത്തിൽ ഉയരുന്ന പൊടിയിൽ സിലിക്കയും അടങ്ങിയിട്ടുണ്ടെന്നതാണ് കാരണം. ശരാശരി അഞ്ചുകിലോമീറ്റർ ദൂരെവരെയുള്ള ജീവനുകൾക്ക് ഈ പറപ്പൊടി ഭീഷണിയാണെന്ന് പഠനം പറയുമ്പോഴാണ് അകത്തേത്തറ പഞ്ചായത്തിലെ ജനങ്ങളുടെ അവസ്ഥ വളരെയധികം ആശങ്കാജനകുന്നത്.
ധോണിയിൽ പാറഖനനം തുടങ്ങിയതോടെ നെൽകർഷകരും ദുരിതത്തിലാണ്. ധോണി പാടശേഖരണത്തിലെ 125 ഏക്കർ നെൽകൃഷിക്ക് വെള്ളത്തിനായി ധോണി മലനിരകളിൽ നിന്നുള്ള കരിപ്പിലത്തോടിനെയാണ് ആശ്രയിച്ചിരുന്നത്. ഈ തോടിനെ അതിന്റെ ഉത്ഭവസ്ഥലത്ത് തന്നെ ഗതിമാറ്റി വിട്ടിരിക്കുകയാണ് ക്വാറി മാഫിയ. അഞ്ചുമീറ്ററിൽ കൂടുതൽ വീതിയുള്ള തോട് ഗതിമാറ്റി ക്വാറിയിലേക്ക് ഒഴുകാൻ തുടങ്ങിയിട്ട് രണ്ടുവർഷത്തിൽ കൂടുതലായി. പക്ഷേ, ബന്ധപ്പെട്ട വകുപ്പുകൾ ഇതുവരെ തിരിഞ്ഞു നോക്കിയിട്ടില്ല എന്നത് വിഷയത്തിന്റെ ഗൗരവവും ഭരണവർഗത്തിന്റെ താൽപര്യവും വ്യക്തമാക്കുകയാണ്.
ടൺ കണക്കിന് ക്വാറി മാലിന്യം തള്ളിയാണ് ഉറവയുടെ ഗതി പൂർണമായും മാറ്റിവിട്ടത്. മലയിൽ നിന്നുവരുന്ന ഉറവ നേരെ ക്വാറിയിലേക്ക് മാറ്റി വിടുകയും അവിടെയുള്ള ഉപോൽപ്പന്നങ്ങളെ കഴുകിവൃത്തിയാക്കി വേർതിരിച്ചതിന് ശേഷമുള്ള വെള്ളമാണ് മറ്റൊരു വഴിയിലൂടെ താഴേക്കിറങ്ങുന്നത്. ഇങ്ങനെ ഒഴുകിവരുന്ന ജലമാണ് കൃഷിക്കായി ഉപയോഗിക്കുന്നത്. ഇത് വിളവെടുപ്പിനെയും മണ്ണിന്റെ ഊർവരതയെയും ബാധിക്കുമെന്നതിനാൽ പലരും കൃഷി തന്നെ ഉപേക്ഷിച്ചു.