തൊടുപുഴ: ഇനി ജാഗ്രത മാത്രം പോര, അൽപ്പം പേടികൂടി വേണം. ആ രീതിയിലാണ് ജില്ലയിലെ കൊവിഡ് കണക്കുകൾ ഉയരുന്നത്. ജില്ലയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളതിൽ ഏറ്റവും കൂടുതൽ പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇരുപത് പേർക്ക്. ഇതിൽ രണ്ട് പേർക്ക് സമ്പർക്കം വഴിയാണ് രോഗം പകർന്നതെന്നും ആശങ്ക ഇരട്ടിയാക്കുന്നു. ഇനിയും സൂക്ഷിച്ചില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോകുന്ന സ്ഥിതിയാണ് . സാമൂഹ വ്യാപന ഭീതിയിലാണ് ജില്ലയെന്ന് ആരോഗ്യപ്രവർത്തകർ ചൂണ്ടികാട്ടുന്നു. ഈ അവസ്ഥയിലും പൊതുജനം സാഹചര്യത്തിന്റെ ഗൗരവം ഉൾക്കൊള്ളുന്നില്ലെങ്കിൽ തിരുവനന്തപുരം പോലെ അടച്ചുപൂട്ടൽ ആവശ്യമായി വരും. പൊതു ഇടങ്ങളിലൊന്നും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നില്ല. ആദ്യ ഘട്ടത്തിലുണ്ടായിരുന്ന ഗൗരവവും പ്രതിരോധവും ഇല്ലാതായി. സർക്കാർ ഓഫീസുകളുടെ മുന്നിലടക്കം ഉണ്ടായിരുന്ന ഹാൻഡ് വാഷ് കോർണറുകൾ ഇല്ലാതാകുകയോ പേരിന് മാത്രമാകുകയോ ചെയ്തു. പൊതുജനങ്ങൾക്കും ആവശ്യങ്ങൾക്കായി ഓഫീസിൽ വരുന്നവർക്കും കൈ കഴുകാൻ സൗകര്യമില്ല. ഓരോ ദിവസവും ടൗണുകളിൽ വാഹനങ്ങളുമായി ഇറങ്ങുന്നവരുടെ എണ്ണം വർദ്ധിക്കുകയാണ്. വിവിധ ആവശ്യങ്ങൾക്കായി ജനങ്ങൾ കൂട്ടത്തോടെ എത്തി തുടങ്ങിയതോടെ പല സർക്കാർ ഓഫീസുകളിലും സാമൂഹ്യ അകലം പാലിക്കാതെയുള്ള ജനത്തിരക്കേറി. പലയിടങ്ങളിലും ഗതാഗതകുരുക്കുണ്ടാകും വിധം തിരക്ക് അനുഭവപ്പെടുന്നുണ്ട്. ബാങ്കുകളിലും വലിയ തോതിൽ ഇടപാടുകാരെത്തുന്നുണ്ട്. ഇന്റർനെറ്റ് സൗകര്യമുള്ള സ്മാർട്ട് ഫോൺ ഉള്ളവർക്ക് എവിടെയിരുന്നും നടത്താൻ കഴിയുന്ന ബാങ്കിംഗ് ഇടപാടുകൾക്ക് വേണ്ടിയാണ് പലരും രാവിലെ മുതൽ വൈകിട്ട് വരെ എല്ലാ നിയന്ത്രണങ്ങളും അവഗണിച്ച് തിരക്ക് കൂട്ടുന്നത്. പൊലീസ് സ്റ്റേഷനുകളിലും പരാതികളുമായി പഴയത് പോലെ ആളുകൾ എത്തിത്തുടങ്ങി. ബസുകളിലും ആട്ടോറിക്ഷകളിലും സാമൂഹിക അകലം ഉറപ്പാക്കാനാകുന്നില്ല. കെ.എസ്.ആർ.ടി.സി ബസുകളിൽ പരിധിയിൽ കൂടുതൽ ആളുകളെ കയറ്റുന്നില്ലെങ്കിലും സ്വകാര്യ ബസുകളിൽ പലതിലും സ്ഥിതി അങ്ങനെയല്ല. തിരക്കുള്ള ബസിലേക്ക് ഇടിച്ച് കയറാനും ഒരു വിഭാഗം യാത്രക്കാർ മത്സരിക്കുന്നുണ്ട്. ആദ്യ ഘട്ടത്തിലെ പോലെ ഗൗരവമായ നിരീക്ഷണം പൊലീസിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നില്ലെന്ന് ആക്ഷേപമുണ്ട്.