തൊടുപുഴ: എസ്.എൻ.ഡി.പി യോഗം കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറിയായിരുന്ന മഹേശൻ ആത്മഹത്യ ചെയ്ത സംഭവത്തിന്റെ സത്യാവസ്ഥ അന്വേഷണത്തിൽ പുറത്തുവരുമെന്ന് യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. തൊടുപുഴയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കണിച്ചുകുളങ്ങര, ചേർത്തല യൂണിയനുകളിൽ വലിയ സാമ്പത്തിക ക്രമക്കേടുകൾ നടന്നിട്ടുണ്ട്. 1.35 കോടി രൂപ 23 വ്യാജഗ്രൂപ്പുകൾ ഉണ്ടാക്കി മഹേശൻ തട്ടിയെടുക്കാൻ ശ്രമിച്ചു. ചേർത്തല യൂണിയൻ നടത്തിയ പല പദ്ധതികളിലും സാമ്പത്തിക തട്ടിപ്പ് വ്യക്തമായിരുന്നു. പ്രശ്‌ന പരിഹാരത്തിന് പലതവണ ചർച്ച നടത്തിയിരുന്നു. ആത്മഹത്യാ കുറിപ്പിൽ കഥയുണ്ടാക്കി എഴുതി ജനറൽ സെക്രട്ടറിയെ ഭീഷണിപ്പെടുത്തി സാമ്പത്തിക ക്രമക്കേടിൽ നിന്നൊഴിയാനാണ് ആദ്യം ശ്രമിച്ചത്. ഇതെല്ലാം അന്വേഷണത്തിൽ വ്യക്തമാകും.
മഹേശൻ ഒറ്റയ്ക്കാണ് സാമ്പത്തിക ഇടപാടുകൾ നടത്തിയത്. ക്രമക്കേടുകളെക്കുറിച്ച് അന്വേഷണം ആരംഭിച്ചപ്പോഴാണ് ജനറൽ സെക്രട്ടറിയോട് വിയോജിപ്പ് തുടങ്ങിയതെന്നും തുഷാർ പറഞ്ഞു.