തൊടുപുഴ: എസ്.എൻ.ഡി.പി യോഗത്തെ തളർത്താനും തകർക്കാനും ചില ദുഷ്ടശക്തികൾ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. എസ്.എൻ.ഡി.പി യോഗത്തിന്റെ ഇടുക്കി ജില്ലയിലെ യൂണിയനുകളുടെ നേതൃയോഗം വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ജനങ്ങൾ തള്ളികളഞ്ഞ, സ്ഥാനം നഷ്ടപ്പെട്ടവരാണ് ഈ ആക്ഷേപങ്ങൾ ഉന്നയിക്കുന്നത്. . ഇത്തരക്കാർക്ക് ചാനലിൽ ഇരുന്ന് അഭിപ്രായം പറയാനല്ലാതെ ജനങ്ങൾക്ക് ഉപകാരമുള്ള ഒരു പ്രവർത്തി ചെയ്യാനാകില്ല. പറയാത്തത് പറഞ്ഞെന്ന് പറഞ്ഞ് സംഘടനയെ തകർക്കാനാണ് ഇവരുടെ ശ്രമം. പൊലീസ് അന്വേഷണത്തിൽ സത്യം വെളിപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി അദ്ധ്യക്ഷനായിരുന്നു. ഏകാത്മകം മെഗാ ഇവന്റ് മൊമന്റോയും സർട്ടിഫിക്കറ്റും യോഗത്തിൽ വിതരണവും ചെയ്തു. രാജാക്കാട് യൂണിയൻ പ്രസിഡന്റ് എം.ബി. ശ്രീകുമാർ, വനിതാസംഘം കേന്ദ്രസമിതി സെക്രട്ടറി അഡ്വ. സംഗീതാ വിശ്വനാഥൻ എന്നിവർ സംസാരിച്ചു. യോഗം കൗൺസിലർ എ.ജി. തങ്കപ്പൻ സ്വാഗതവും തൊടുപുഴ യൂണിയൻ കൺവീനർ വി. ജയേഷ് നന്ദിയും പറഞ്ഞു. ജില്ലയിലെ ഏഴ് യൂണിയനുകളിലെ ഭാരവാഹികളും യോഗത്തിൽ പങ്കെടുത്തു.
യോഗത്തിൽ കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി കെ.കെ. മഹേശന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പൂർണ പിന്തുണ അറിയിച്ച് യൂണിയനുകളുടെ നേതൃയോഗം പ്രമേയം പാസാക്കി. വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തിന് പൂർണ വിശ്വാസവും പിന്തുണയും അറിയിച്ചുള്ള പ്രമേയം ഇടുക്കി യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്താണ് അവതരിപ്പിച്ചത്. മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ അനുവാദകനായിരുന്നു.