തൊടുപുഴ: വെങ്ങല്ലൂരിൽ വിൽപ്പനയ്ക്കെത്തിച്ച 800 കിലോ പഴകിയ മീൻ പിടികൂടി. കൊച്ചിയിൽ നിന്നും എത്തിയ കറുത്ത ആവോലി, വറ്റ എന്നീ കടൽ മത്സ്യങ്ങളാണ് പിടികൂടിയത്. വെങ്ങല്ലൂരിൽ പഴകിയ മീൻ കടകളിൽ വിൽപ്പനയ്ക്കെത്തിച്ചതായി നാട്ടുകാർ വിളിച്ചറിയിച്ചതിനെ തുടർന്ന് തൊടുപുഴ എസ്.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ചൊവ്വാഴ്ച രാത്രി 12 മണിയോടെ പരിശോധന നടത്തിയത്. പരിശോധനയിൽ ഒരു പിക്കപ്പ് നിറയെ പഴകിയ മീൻ കണ്ടെത്തുകയായിരുന്നു. പൊലീസ് അറിയിച്ചതിനെ തുടർന്ന് ഇന്നലെ രാവിലെ ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ മീൻ പഴകിയതാണെന്ന് തെളിഞ്ഞു. പിന്നീട് മീൻ കോലാനിയിലെത്തിച്ച് തെങ്ങിൻതോപ്പിൽ കുഴിച്ചുമൂടി.
തുടർന്ന് ഇന്നലെ രാവിലെ ഭക്ഷ്യസുരക്ഷാ വിഭാഗം തൊടുപുഴയിലെ വിവിധ മീൻ കടകളിൽ നടത്തിയ പരിശോധനയിൽ 15 കിലോ പഴകിയ മത്സ്യം പിടികൂടി. ഏഴ് കടകളിൽ നിന്നായി 15 കിലോ ചൂരയാണ് കണ്ടെത്തിയത്. വെങ്ങല്ലൂർ, മണക്കാട്, മങ്ങാട്ടുകവല എന്നിവിടങ്ങളിലെ കടകളിൽ നിന്നാണ് ചീഞ്ഞമീൻ പിടികൂടിയത്. തൊടുപുഴ ഫുഡ്സേഫ്‌റ്റി ഓഫീസർ ഷംസിയ എം.എൻ, ദേവികുളം ഫുഡ്സേഫ്‌റ്റി ഓഫീസർ സന്തോഷ്‌കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.