തൊടുപുഴ: 'പുലിവാൽ കല്യാണം" സിനിമയിൽ സലിംകുമാറിന്റെ കഥാപാത്രം ചീഞ്ഞ മണം വരുമ്പോൾ കൊച്ചിയെത്തിയെന്ന് പറയുന്നത് പോലെയാണ് ഇപ്പോൾ തൊടുപുഴക്കാരുടെയും കാര്യം. മീൻകടകൾക്ക് അടുത്തുള്ളവർക്കൊന്നും രാത്രി കൊച്ചിയിൽ നിന്ന് മീനെത്തിയാൽ കിടന്ന് ഉറങ്ങാൻ വയ്യാത്ത സ്ഥിതിയാണ്. പൊറുതിമുട്ടിയാണ് നാട്ടുകാരിൽ ചിലർ ഇന്നലെ രാത്രി 12 മണിക്ക് പൊലീസിനെ വിളിച്ചത്. കൊച്ചിയിൽ നിന്ന് എത്തിയ പെടയ്ക്കണ മീൻ പെട്ടിയിൽ കിടന്ന് ചീഞ്ഞ് അളിഞ്ഞ മണം കാരണം അടുത്തൊന്നും ആർക്കും നിൽക്കാൻ പറ്റാത്ത സ്ഥിതിയായിരുന്നു. സ്ഥലത്തെത്തിയപ്പോൾ തന്നെ പൊലീസിന് മനസിലായി മീൻ ചീഞ്ഞളിഞ്ഞതാണെന്ന്. പിക്കപ്പിലെത്തിയ 800 കിലോ പഴകിയ മീനാണ് ഇന്നലെ പിടികൂടിയത്. കണ്ണും വയറും പൊട്ടി ദുർഗന്ധം വമിക്കുന്നുണ്ടായിരുന്നെന്ന് ഭക്ഷ്യസുരക്ഷാ ഓഫീസർ എം.എൻ. ഷംസിയ കേരളകൗമുദിയോട് പറഞ്ഞു. കൊച്ചിയിൽ നിന്ന് വരുന്ന വഴി എറണാകുളം ജില്ലയിലെവിടെയോ കുറച്ച് പെട്ടി ഇറക്കിയിട്ടുണ്ട്. ബാക്കി വന്ന 800 കിലോയാണ് പിടികൂടിയത്. ആദ്യമെവിടെയാണ് ലോഡ് ഇറക്കിയതെന്ന് അന്വേഷിച്ച് വരികയാണ്. നാട്ടുകാർ പൊലീസിനെ അറിയിച്ചില്ലായിരുന്നെങ്കിൽ ഈ ചീഞ്ഞ മീനുകൾ കടകളിലൂടെ ഇന്ന് പലരുടെയും തീൻ മേശകളിലെത്തിയേനെ. തുടർന്ന് വെറുതെ മീൻകടകളിൽ പരിശോധന നടത്തിയപ്പോഴും കിട്ടി 15 കിലോ പഴകിയ മത്സ്യം. എന്നാൽ ആർക്കെതിരെയും നടപടിയെടുത്തിട്ടില്ല.
പരിശോധനകൾ വെറും പ്രഹസനം
ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെയു നഗരസഭാ ആരോഗ്യവിഭാഗത്തിന്റെയും നേതൃത്വത്തിലുള്ള മീൻകടകളിലെ പരിശോധനകൾ വെറും പ്രഹസനമാകുന്നു. രണ്ട് മാസം മുമ്പ് രണ്ട് തവണ ഓപ്പറേഷൻ സാഗർ റാണിയുടെ ഭാഗമായി നടത്തിയ പരിശോധനയിൽ ഇതേ ഭാഗത്ത് നിന്ന് പഴകിയ മത്സ്യം പിടികൂടിയതാണ്. അന്ന് ഒരു രൂപ പോലും പിഴ ഇടാക്കുകയോ കട അടപ്പിക്കാനോ നടപടിയെടുത്തില്ല. വഴിയോര കച്ചവടക്കാർക്കെതിരെ ഇതിൽ കൂടുതൽ നടപടിയെടുക്കാനാകില്ലെന്നാണ് ന്യായം. ഫലമോ, ചീഞ്ഞ മീൻ വിൽപ്പന നിർബാധം തുടരുന്നു. ഇന്നലെ പിടികൂടിയ കച്ചവടക്കാരൻ അവിടെ തന്നെ നാളെയും ചീഞ്ഞ മീൻ വിൽപ്പന ആരംഭിച്ചാലും ഒന്നും ചെയ്യാനാകില്ല.