മുട്ടം: മലങ്കര പെരുമറ്റം ജംഗ്‌ഷന്‌ സമീപത്തുള്ള ട്രാൻസ്ഫോമർ അപകട ഭീഷണിയായി . ട്രാൻസ്ഫോമർ സ്ഥാപിച്ചിരിക്കുന്ന വൈദ്യുതി പോസ്റ്റുകൾ ഓരോ ദിവസം കഴിയുന്തോറും റോഡിലേക്ക് ചാഞ്ഞ് വരുന്നതാണ് അപകടാവസ്ഥക്ക് കാരണം. റോഡരികിലും സമീപത്തുള്ള പറമ്പിലുമായി സ്ഥാപിച്ചിരിക്കുന്ന ഇരുമ്പിന്റെ നാല് വൈദ്യുതി പോസ്റ്റിലാണ് ട്രാൻസ്ഫോമർ സ്ഥാപിച്ചിരിക്കുന്നത്. ചുറ്റ് പ്രദർശങ്ങളിലേക്കുള്ള വൈദ്യുതി കടത്തി വിടുന്ന ലൈൻ കമ്പി വൈദ്യുതി പോസ്റ്റിന്റെ മുകളിൽ ഘടിപ്പിച്ചിരിക്കുന്നതിന്റെ ഉറപ്പിലാണ് വലിയ അപകടം ഉണ്ടാകാത്തതെന്ന് പ്രദേശ വാസികൾ പറയുന്നു. മഴ വെള്ളത്തിൽ ചുറ്റിലുമുള്ള മണ്ണ് ഒലിച്ച് പോകുന്നതിനാൽ ഓരോ ദിവസം കഴിയുന്തോറും ട്രാൻസ്ഫോമർ സ്ഥാപിച്ചിരിക്കുന്ന വൈദ്യുതി പോസ്റ്റ്‌ കൂടുതലായി ചരിയുന്നത് പ്രദേശവാസികളെ ആശങ്കയിലാക്കുന്നുമുണ്ട്.