പൂമാല: വിദ്യാലയ പ്രവർത്തനങ്ങൾക്ക് ഒട്ടേറെ മാതൃകകൾ രൂപപ്പെടുത്തി വിജയിപ്പിച്ച പൂമാല ഗവ. ട്രൈബൽ ഹയർ സെക്കണ്ടറി സ്‌കൂൾ ഇത്തവണത്തെ എസ്.എസ്.എൽ.സി. പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടി. പരീക്ഷ എഴുതിയ 55 വിദ്യാർഥികളും വിജയിച്ചു. ആദിവാസി മേഖലയിൽ നിന്നുള്ള കുട്ടികളാണ് ഇവിടെ പഠിക്കുന്നവരിൽ ഭൂരിഭാഗവും. സ്‌കൂൾ പി.ടി.എ. യുടെ നേതൃത്വത്തിൽ നടത്തിവരുന്ന വിവിധങ്ങളായ പ്രവർത്തനങ്ങളുടെ വിജയം കൂടിയാണ് നൂറ് ശതമാനമെന്ന നേട്ടമെന്ന് സ്‌കൂൾ അധികൃതർ പറഞ്ഞു. 1956 ൽ തുടങ്ങി 65 ആം വയസിലേക്ക് കടക്കുന്ന ഈ വിദ്യാലയം ആദിവാസി സമൂഹത്തിന്റെയും പൂമാല പ്രദേശത്തിന്റെയും വികസനത്തിലും നേതൃത്വപരമായ പങ്കാണ് വഹിച്ചിട്ടുള്ളത്. 'സമഗ്ര വിദ്യാഭ്യാസ വികസനം സാമൂഹ്യ പിന്തുണയോടെ' എന്ന ലക്ഷ്യമിട്ട് 2008 ൽ ആരംഭിച്ച കളിത്തട്ട് വിദ്യാ പദ്ധതി കുട്ടികളുടേയും സമൂഹത്തിന്റെയും സമഗ്ര വികസനം ലക്ഷ്യമിട്ടുള്ളതായിരുന്നു. കോവിഡ് കാലത്ത് ബദൽ വിദ്യാഭ്യാസ മാർഗമായി നടത്തുന്ന 'പ്രാദേശിക പഠനകേന്ദ്രങ്ങൾ' പൂമാലയിൽ 2008 മുതൽ തന്നെ ആരംഭിച്ചിരുന്നു. പ്രാദേശിക ജനതയുടെ ആവശ്യകത അന്നേ തിരിച്ചറിഞ്ഞതിന്റെ ഫലമായിരുന്നു ഇത്. പത്താം ക്ലാസിലെ കുട്ടികൾക്കായി ആരംഭിച്ച രാത്രി വിദ്യാലയങ്ങൾ, പ്രാദേശികോത്സവങ്ങൾ, മികവുത്സവങ്ങൾ, സുരക്ഷാ മാപ്പിങ്, പുസ്തക ബാങ്ക്, ഐ.ടി.സാക്ഷരത, ബാല സുരക്ഷ ലക്ഷ്യമാക്കി നടത്തിയ 'അരുത്' സുരക്ഷാ കാമ്പയിൻ, മെന്റർ മാപ്പിങ്, വിദ്യാ ഗ്രാമസഭകൾ തുടങ്ങി വിദ്യാലയവും സമൂഹവും ഒരുമിച്ച് ചേർന്ന് നടത്തിയ പ്രവർത്തനങ്ങളിലൂടെ സ്‌കൂൾ സമൂഹത്തിന്റേതായി മാറുകയായിരുന്നു.