തൊടുപുഴ: ഇന്ധന വിലവർധനക്കെതിരെയും കേന്ദ്രസർക്കാരിന്റെ തീവെട്ടിക്കൊള്ളക്കെതിരെയും യൂത്ത് കോൺഗ്രസ്സ് സംഘടിപ്പിച്ച പ്രതീകാത്മക കേരള ബന്ദ് തൊടുപുഴയിൽ സംഘർഷത്തിൽ കലാശിച്ചു. സംസ്ഥാനത്ത് 1000 കേന്ദ്രങ്ങളിൽ 15 മിനിറ്റ് വാഹനങ്ങൾ നിർത്തിയിട്ടുകൊണ്ട് പ്രതീകാത്മക കേരള ബന്ദ് നടത്തുന്നതിന്റെ ഭാഗമായി ഗാന്ധി സ്‌ക്വയറിൽ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ വാഹനങ്ങൾ നിർത്തിയിട്ട് സമരം ആരംഭിച്ചതിന് തൊട്ടു പിന്നാലെ തൊടുപുഴ സി.ഐ യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സമരക്കാരെ ബലം പ്രയോഗിച്ചു നീക്കാൻ ശ്രമിച്ചതാണ് സംഘർഷത്തിന് തുടക്കം കുറിച്ചത്. പതിനഞ്ചു മിനിറ്റോളം നീണ്ട സംഘർഷത്തിനൊടുവിൽ മുതിർന്ന കോൺഗ്രസ്സ് നേതാക്കളായ എൻ.ഐ ബെന്നി, ജാഫർഖാൻ മുഹമ്മദ് എന്നിവർ ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു.സമരം ഡി.സി.സി ജനറൽ സെക്രട്ടറി ജിയോ മാത്യു ഉദ്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ് തൊടുപുഴ അസംബ്ലി പ്രസിഡന്റ് വി.സി അനീഷ് അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.യു ജില്ലാ പ്രസിഡന്റ് ടോണി തോമസ് മുഖ്യ പ്രഭാഷണം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി എൻ.ഐ ബെന്നി , ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജാഫർഖാൻ മുഹമ്മദ് എന്നിവർ സംസാരിച്ചു.