തീപിടുത്തമുണ്ടായത് പുലർച്ചെ രണ്ടിന്
ചെറുതോണി: തങ്കമണി ടൗണിൽ ഇന്നലെ വെളുപ്പിനുണ്ടായ തീപിടുത്തത്തിൽ ഒരു പലചരക്ക് കടയും ഒരു ബാർബർ ഷോപ്പും പൂർണമായി കത്തി നശിച്ചു 29 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. ചൊവ്വാഴ്ച രാത്രി കടയുടമകൾ വീട്ടിൽപോയതിന് ശേഷം ബുധനാഴ്ച പുലർച്ചെ രണ്ടിനാണ് തീ പിടുത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. തങ്കമണി സ്വദേശി പോളിന്റെ ഉടമസ്ഥതയിലുള്ള പലചരക്കും പച്ചക്കറിയും ഉൾപ്പെടെയുള്ള കൊല്ലംപറമ്പിൽ ട്രേഡേഴ്‌സ് എന്ന സ്ഥാപനത്തിൽ 25 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി പൊലീസ് പറഞ്ഞു. സമീപത്തുള്ള പ്രദീപിന്റെ സൂര്യ ബ്യൂട്ടി പാർലറും കത്തിനശിച്ചു. ഇതിന് നാലുലക്ഷം രൂപയുടെ നഷ്ടമുണ്ടായതായും പൊലീസ് പറഞ്ഞു. രാത്രിയിൽ തീപിടുത്തമുണ്ടായതിനാൽ തീയണക്കാൻ വൈകിയതാണ് കൂടുതൽ നാശനഷ്ടമുണ്ടായത്. തങ്കമണി പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.