പ്രതിഷേധവുമായി നാട്ടുകാർ
കട്ടപ്പന: വാഴവര നഗര പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ കെട്ടിടം നിർമാണം വൈകുന്നതിൽ പ്രതിഷേധം. മാർച്ച് ഒൻപതിന് തറക്കല്ലിട്ടെങ്കിലും ലോക്ക് ഡൗൺ നിലവിൽ വന്നതോടെ നിർമാണ നടപടികൾ മുടങ്ങുകയായിരുന്നു. എന്നാൽ ഇളവുകൾക്കുശേഷം സർക്കാർ ഓഫീസുകളുടെ ഉൾപ്പെടെ നിർമാണം പുനരാരംഭിച്ചെങ്കിലും ആശുപത്രി കെട്ടിടത്തിന്റെ ജോലികൾ വൈകുകയാണ്.
വാഴവര വാകപ്പടിയിലെ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ആശുപത്രിക്ക് കെട്ടിടം നിർമിക്കാൻ എം.എൽ.എ. ഫണ്ടിൽ നിന്നു 30 ലക്ഷവും കട്ടപ്പന നഗരസഭയുടെ 10 ലക്ഷവുമാണ് അനുവദിച്ചത്. വാഴവരയിൽ തന്നെയുള്ള നഗരസഭയുടെ 20 സ്ഥലത്താണ് കെട്ടിടം നിർമിക്കുന്നത്. റോഷി അഗസ്റ്റിൻ എം.എൽ.എ ശിലാസ്ഥാപനം നടത്തിയതല്ലാതെ തുടർനടപടികൾ ഉണ്ടായില്ല. മറ്റിടങ്ങളിൽ സർക്കാർ മന്ദിരങ്ങളുടെ നിർമാണങ്ങൾ തകൃതിയായി നടക്കുമ്പോഴും ടെൻഡർ നടപടികൾ ഉൾപ്പെടെ പൂർത്തീകരിച്ച വാഴവര നഗര പ്രാഥമികാരോഗ്യ കേന്ദ്രത്തെ അവഗണിക്കുകയാണെന്നു നാട്ടുകാരും വ്യാപാരികളും ആരോപിച്ചു.