ചെറുതോണി: കുടിവെള്ളം വീട്ടിലെത്തിക്കാൻ വൈദ്യുതി കണക്ഷന് അപേക്ഷ സമർപ്പിച്ച് ഒന്നര മാസം കഴിഞ്ഞിട്ടും കണക്ഷൻ ലഭിച്ചില്ലെന്ന് പരാതി. വാഴത്തോപ്പ് സ്വദേശി കൊച്ചുപറമ്പിൽ മാത്യുവാണ് ഒന്നര മാസം മുമ്പ് വൈദ്യുതി ലഭിക്കാൻ അപേക്ഷ നൽകിയത്. കണക്ഷൻ മാത്യുവിന്റെ വീട്ടിലേക്കാണെങ്കിലും നിരവധി കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കേണ്ട കുടിവെള്ള കണക്ഷനാണ് അധികൃതരുടെ അനാസ്ഥമൂലം നഷ്ടമാകുന്നത്.സമീപത്തെ കുളത്തിൽ നിന്ന് മോട്ടർ പ്രവർത്തിപ്പിച്ച് ജലം വീട്ടിലെത്തിക്കാൻ കാത്തിരുന്ന ഉപഭോക്താവ് ഇപ്പോൾ നിരാശയിലാണ്. എന്ത് തടസങ്ങൾ ഉണ്ടെങ്കിലും ഒരു മാസത്തിനുള്ളിൽ വൈദ്യുതി കണക്ഷൻ നൽകണമെന്നാണ് ചട്ടം. സാധനങ്ങളുടെ ലഭ്യത കുറവ്, ജീവനക്കാരുടെ കുറവ് എന്നിവ ഉണ്ടെങ്കിൽ മാത്രമെ ഒരു മാസം വരെ കാലതാമസം അപേക്ഷകന് വരുത്താനാകൂ എന്നാണ് നിയമം. എന്നാൽ ഇവിടെ കണക്ഷൻ നൽകാൻ എല്ലാ സൗകര്യങ്ങളും ഉണ്ട്. എന്നിട്ടും കെ.എസ്.ഇ.ബി വൈദ്യുതി നൽകാതെ അപേക്ഷകനെ ബുദ്ധിമുട്ടിപ്പിക്കുകയാണെന്നാണ് ആക്ഷേപം.