shiju

ഇടുക്കി: അടിക്കടിയുള്ള ഇന്ധനവില വർദ്ധനവിനൊപ്പം ബസ് ചാർജും കൂട്ടിയത് ലോക്ക്‌ഡൗണിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന സാധാരണക്കാരന് മേലുള്ള ഇരുട്ടടിയായി മാറി. ജീവിതം ദുസഹമായി മാറിയ തോടെ പൊതുജനം കേരളകൗമുദിയോട് പ്രതികരിക്കുന്നു...

'ലോക്ക് ഡൗണിനുശേഷം വൻതോതിൽ ഇന്ധനവില വർദ്ധിപ്പിച്ചത് സാധാരണക്കാരോടുള്ള വെല്ലുവിളിയാണ്. കഴിഞ്ഞ നാലുമാസത്തിനിടെ ആകെ കിട്ടിയത് മൂന്നു ട്രിപ്പ് മാത്രമാണ്. വരുമാനം നിലച്ചതോടെ വാഹനത്തിന്റെ ലോൺ തിരിച്ചടവ് നാലുമാസമായി മുടങ്ങി. കുട്ടികളുടെ വിദ്യാഭ്യാസം പോലും മുടങ്ങുന്ന സ്ഥിതിയാണ്."

-ഷാജി ഫിലിപ്പ് തണ്ടാശേരിൽ (ടാക്‌സി ഡ്രൈവർ, കട്ടപ്പന)

'ലോക്ക് ഡൗണിനുശേഷം ബസ് സർവീസുകൾ പുനരാരംഭിച്ചത് ആശ്വാസകരമാണ്. ബസില്ലാത്തപ്പോൾ ആട്ടോറിക്ഷ വിളിച്ച് പോകേണ്ട സ്ഥിതിയായിരുന്നു. ഇപ്പോഴത്തെ ചാർജ് വർദ്ധന ചെറിയ ബുദ്ധിമുട്ടാണെങ്കിലും സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കേണ്ടത് അനിവാര്യമാണ്. ബസിനെ മാത്രം ആശ്രയിക്കുന്ന തൊഴിലാളികൾ ഉൾപ്പെടെയുള്ളവർക്ക് ഇപ്പോഴത്തെ വർദ്ധന കാര്യമായി ബാധിക്കില്ല."

- ഷിജു ജോസഫ് (ബസ് യാത്രികൻ), വാഴവര


'ജനങ്ങളെ ഞെക്കിപ്പിഴിയുകയാണ് പെട്രോളിയം വില വർദ്ധനവിലൂടെ കേന്ദ്ര സർക്കാർ ചെയ്യുന്നത്. ഇത് കേരളം പൊലെയുള്ള ഉപഭോക്തൃ സംസ്ഥാനത്ത് വിലക്കയറ്റത്തിന് കാരണമാകും. കൊവിഡ് കാലത്ത് പെട്രോളിയത്തിന് 14 ശതമാനമാണ് നികുതി വർദ്ധിപ്പിച്ചത്. ഇത് പിൻവലിച്ചാൽ ഇപ്പോഴത്തെ വില വർദ്ധന പിൻവലിക്കാൻ സാധിക്കും."
-സുനിൽ, ചെങ്ങാങ്കൽ (അടിമാലി)

'ഒരു വ്യവസായം എന്ന നിലയിൽ സ്വകാര്യ ബസ് സർവീസുകളുടെ നിലനിൽപ്പിന് ബസ് ചാർജ് വർദ്ധന അനിവാര്യമാണ്. ഹൈറേഞ്ച് മേഖലയിൽ ജനങ്ങൾ കൂടുതൽ ആശ്രയിക്കുന്നത് പ്രൈവറ്റ് ബസ് സർവീസുകളെയാണ്. കൊവിഡ് കാലത്ത് ജനങ്ങൾ യാത്രകൾ കുറച്ചതിനാൽ ബസ് സർവീസുകൾ നഷ്ടത്തിലാണ്. ഈ രംഗത്തെ തൊഴിലാളികളെ സംരക്ഷിക്കാൻ ചാർജ് വർദ്ധന അനിവാര്യമാണ്."

-അജി എം.എസ്, മാരിയിൽ (അടിമാലി)

'ബസ് ചാർജ് വർദ്ധിപ്പിക്കുമ്പോൾ പ്രതിസന്ധിയിലാവുന്നത് സാധാരണക്കാരാണ്. ജോലി പോലും നഷ്ടമാവുകയും ശമ്പളം വെട്ടി ചുരുക്കപ്പെടുകയും ചെയ്തിരിക്കെ ജനങ്ങളെ ദുരിതത്തിലാക്കുകയാണ് സർക്കാർ. സർക്കാർ ജനങ്ങൾക്ക് വേണ്ടി നിലപാടെടുക്കണം. "

-അഖിൽ രാജ് സി.ആർ (അദ്ധ്യാപകൻ)​

' തുടർച്ചയായ ഇന്ധനവില വർദ്ധന സാധാരണ ജനങ്ങളെ സാരമായി ബാധിച്ചു. കൊവിഡ്- 19 എന്ന മഹാവ്യാധി മൂലം വളരെയേറെ സാമ്പത്തിക പ്രതിസന്ധിയിലായ ജനങ്ങളെ കൊള്ള അടിക്കുന്ന നടപടിയാണിത്. ഇതുമൂലം വിലക്കയറ്റവും നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധനവുമുണ്ടാകും. ജനങ്ങളുടെ നടുവൊടിക്കുന്ന ഈ നടപടി അവസാനിപ്പിക്കണം."
-രമേഷ് പൊന്നാട്ട് (വ്യാപാരി)


' പെട്രോൾ ഡീസൽ വില വർദ്ധിപ്പിച്ചാൽ ബസ് ചാർജ് ഉടൻ തന്നെ കൂട്ടും. കൊറോണ കാലത്ത് ജനം നട്ടം തിരിയുന്ന അവസ്ഥയിൽ ഇത് അംഗീകരിക്കാൻ കഴിയില്ല. നിലവിലുള്ള വരുമാനം വർദ്ധിക്കുന്നില്ല. ജോലി സ്ഥലത്തേക്ക് വരാൻ നിത്യവും ബസിനെ ആശ്രയിക്കുന്നവർക്ക് ചാർജ് വർദ്ധന താങ്ങാൻ കഴിയില്ല."

- ജിജി, വണ്ടമറ്റം

'കച്ചവടക്കാർ മാത്രമല്ല ജനം ഒന്നടങ്കം സ്തംഭിച്ച് നിൽക്കുകയാണ്. ഒരു നിയന്ത്രണവും ഇല്ലാതെ ഓരോ ദിവസവും പെട്രോളിന്റെയും ഡീസലിന്റെയും ചാർജ് കൂട്ടുന്ന അവസ്ഥയാണ്. ഇത് തുടർന്നാൽ എങ്ങനെ മുന്നോട്ട് പോകും."
- ഷിബു. പി, തൊടുപുഴ (വ്യാപാരി)