വീഡിയോ കോൺഫറൻസ് വഴി തൊടുപുഴ , ഉടുമ്പൻചോല താലൂക്ക് അദാലത്ത്
തൊടുപുഴ: ജനങ്ങളുടെ പരാതികൾക്കു ഓൺലൈനിൽ പരിഹാരം തീർപ്പാക്കാൻ ജില്ലാ കളക്ടർ എച്ച് ദിനേശന്റെ നേതൃത്വത്തിൽ നടത്തിയ സഫലം ഓൺലൈൻ അദാലത്ത് വിജയകരമായി.
തൊടുപുഴ, ഉടുമ്പൻചോല താലൂക്കുകളിലെ അപേക്ഷകരുടെ പരാതികളാണ് ഇന്നലെ തീർപ്പാക്കിയത്. ജില്ലാ കളക്ടറുടെ ചേംബറിൽ ഹാജരായിരുന്ന വിവിധ ജില്ലാതല ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലാണ് കളക്ടറേറ്റിൽ അദാലത്ത് സംഘടിപ്പിച്ചത്. തൊടുപുഴ താലൂക്കിലെ പരാതികൾക്ക് ജില്ലാ കളക്ടറും ഉടുമ്പൻചോല താലൂക്കിലെ പരാതികൾക്ക് എഡിഎം ആന്റണി സ്‌കറിയയും തീർപ്പാക്കി. അപേക്ഷകർ അതത് വില്ലേജ് ഓഫീസുകളിൽ ഹാജരായി വീഡിയോ കോൺഫറൻസ് വഴിയാണ് കളക്ടറുമായി സംവദിച്ചത്.
തൊടുപുഴ: 76 പരാതികൾ
തൊടുപുഴ താലൂക്കിൽ നിന്ന് 76 പരാതികളാണ് ആകെ ലഭിച്ചത്. 46 പരാതിക്കാരാണ് അദാലത്തിൽ പങ്കെടുത്തത്. ഇവരുടെ പരാതിയിൽ രണ്ടാഴ്ചക്കുള്ളിൽ നടപടികൾ പൂർത്തികരിച്ച് റിപ്പോർട്ട് നൽകാൻ കളക്ടർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
റവന്യു വകുപ്പുമായി ബന്ധപ്പെട്ടാണ് കൂടുതൽ പരാതികൾ ലഭിച്ചത്. റവന്യൂ വകുപ്പിൽ കിട്ടിയ 19 പട്ടയ അപേക്ഷകളിൽ സ്ഥലം സന്ദർശിച്ച് പട്ടയം നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
റവന്യുവകുപ്പുമായി ബന്ധപ്പെട്ട് 55 പരാതികളും ഇതിൽ 48 എണ്ണം വില്ലേജ് ഓഫീസുകൾ വഴിയും ഏഴെണ്ണം താലൂക്ക് ഓഫീസിലുമാണ് ലഭിച്ചത്. പഞ്ചായത്ത് 12, സിവിൽ സപ്ലൈസ് 1, ലൈഫ്മിഷൻ 4,സർവ്വേ റെക്കോർഡ്‌സ് 1, പോലീസ് 1, എംപ്ലോയ്‌മെന്റ് 1, മുനിസിപ്പാലിറ്റി 1 എന്നിങ്ങനെയാണ് ലഭിച്ച പരാതികൾ.
തൊടുപുഴ താലൂക്കിലെ വിവിധ വില്ലേജുകളിൽ നന്നായി 48 പരാതികളാണ് ലഭിച്ചത്. തഹസിൽദാർ വി.ആർ. ചന്ദ്രൻ പിള്ള അദാലത്തിന് നേതൃത്വം നൽകി.
ഉടുമ്പൻചോല: 63 പരാതികൾ
ഉടുമ്പൻചോല താലൂക്കിലെ രണ്ടാം ഘട്ട പരാതി പരിഹാര അദാലത്തിൽ ഓൺലൈനിലൂടെ ലഭിച്ച 63 പരാതികളും പരിഗണിച്ചു. ഇതിൽ 21 പരാതിക്കാരാണ് താലൂക്ക് ഓഫീസിൽ എത്തിയത്. അദാലത്തിൽ പങ്കെടുക്കാതിരുന്നവർക്ക് പരാതിയിൻ മേൽ സ്വീകരിച്ച നടപടി ഓൺലൈനായി അറിയുവാൻ കഴിയും.
ഉടുമ്പൻചോല താലൂക്കിൽ റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട് 47 പരാതികളും മറ്റു വകുപ്പുകളുമായി ബന്ധപ്പെട്ട് 16 പരാതികളുമുണ്ടായിരുന്നു. ലോക്ക് ഡൗണിനെ തുടർന്ന് നിർത്തി വച്ച സർവ്വേറീസർവ്വേ നടപടികൾ പുനരാരംഭിച്ച് അത്തരം പരാതികളിൽ തുടർ നടപടി സ്വീകരിക്കാനും അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ആന്റണി സ്‌കറിയ തഹസിൽദാർക്ക് നിർദേശം നൽകി. ഉടുമ്പൻചോല താലൂക്ക് ഓഫീസിൽ തഹസിൽദാർ നിജു കുര്യൻ അദാലത്തിന് നേതൃത്വം നൽകി.