പദ്ധതി രേഖ ജില്ലാ കളക്ടർക്ക് സമർപ്പിച്ചു
ഇടുക്കി: ജില്ലയിലെ ബാങ്കുകളുടെഈ സാമ്പത്തിക വർഷത്തേക്കുള്ള വായ്പ പദ്ധതി ആവിഷ്‌കരിച്ചു. നടപ്പു സാമ്പത്തിക വർഷത്തിൽ 7490.66 കോടി രൂപ വായ്പയായി നൽകാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.
കഴിഞ്ഞ സാമ്പത്തികവർഷം ജില്ലയിലെ ബാങ്കുകൾ 8018.44 കോടി രൂപയുടെ വായ്പ വിതരണം ചെയ്തു . 6683.34 കോടി രൂപയായിരുന്നു ലക്ഷ്യം .നബാർഡ് അസിസ്റ്റന്റ് ജനറൽ മാനേജർ അശോക് കുമാർ നായർ , ജില്ലാ ലീഡ് ബാങ്ക് മാനേജർ രാജഗോപാലൻ എന്നിവർ ചേർന്ന് ജില്ലാ കളക്ടർ എച്ച്. ദിനേശന് വായ്പാപദ്ധതി രേഖ കൈമാറി.
കൊവിഡ് 19 പശ്ചാത്തലത്തിൽ കേന്ദ്ര സംസ്ഥാന സർക്കാറുകൾ പ്രഖ്യാപിച്ചിട്ടുള്ള വിവിധ സാമ്പത്തിക സഹായ പദ്ധതികൾ ജില്ലയിലെ ബാങ്കുകൾ നടപ്പാക്കി വരികയാണ്. സൂക്ഷ്മ ചെറുകിട ഇടത്തരം യൂണിറ്റുകൾക്കുള്ള എമർജൻസി ക്രെഡിറ്റ് ലൈൻ ഇതുവരെ 105 കോടി രൂപ അനുവദിച്ചിട്ടുള്ളതിൽ 76 കോടി രൂപ വിതരണം ചെയ്തു. കുടുംബശ്രീ യൂണിറ്റുകൾക്ക് മുഖ്യമന്ത്രി സഹായ ഹസ്തം പദ്ധതി മുഖാന്തിരം 41 കോടി രൂപയോളം ഇതുവരെ നൽകി. കൂടാതെ ജില്ലയിലെ അമ്പതിനായിരത്തോളം വരുന്ന ക്ഷീര കർഷകർക്കുള്ള കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതി ക്ഷീര വികസന വകുപ്പുമായി സഹകരിച്ചു ജൂലായ് 31 നു മുൻപ് കൊടുത്തു തീർക്കാനും പദ്ധതിയിട്ടിട്ടുണ്ട്. വഴിയോര കച്ചവടക്കാർക്കുള്ള പ്രധാന മന്ത്രി ആത്മ നിർഭർ നിധി, നിഷ്‌ക്രിയ ആസ്തി ആയിട്ടുള്ള സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾക്കുള്ള സബോർഡിനേറ്റ് ഫണ്ട് പദ്ധതിയും നടപ്പിലാക്കാൻ തീരുമാനമായിട്ടുണ്ട്.
വായ്പ്പ
ലക്ഷ്മിടുന്നത്
മുൻഗണന വിഭാഗത്തിന് 6451.69 കോടി
കാർഷിക മേഖലയ്ക്ക് 4043.41 കോടി
സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് 642.77 കോടി
ഭവന വിദ്യാഭ്യാസ വായ്പ ഉൾപ്പെടുന്ന മറ്റു മുൻഗണന വിഭാഗങ്ങൾക്ക് 1765.51 കോടി