തൊടുപുഴ: ആശങ്ക വർദ്ധിപ്പിച്ച് ജില്ലയിൽ ഇന്നലെ ഒരു കുടുംബത്തിലെ മൂന്ന് പേരടക്കം എട്ട് പേർക്ക് കൂടി കൊവിഡ്- 19 സ്ഥിരീകരിച്ചു. ഇതിൽ നാല് പേർ ഡൽഹിയിൽ നിന്നും രണ്ട് പേർ ഒമാനിൽ നിന്നും ബാക്കിയുള്ളവർ ജിദ്ദ,​ ബാംഗ്ലൂർ എന്നിവിടങ്ങളിൽ നിന്നും വന്നവരാണ്. ആശങ്കയ്ക്കിടയിലും ആശ്വാസമേകി ഇന്നലെ 13 പേർ രോഗമുക്തരായി .

ജൂൺ 29 ന് ഡൽഹിയിൽ നിന്ന് ട്രെയിനിൽ കൊച്ചിയിലെത്തിയ കരിങ്കുന്നം സ്വദേശികളായ 75ഉം 67 ഉം വയസുള്ള ദമ്പതികൾക്കും ഇവരുടെ 38 കാരിയായ മകൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. റെയിൽവേ സ്റ്റേഷനിൽ നിന്ന് കെ.എസ്.ആർ.ടി.സി ബസിൽ തൊടുപുഴയിലെത്തി കൊവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്നു.

ജൂൺ 29 ന് ഒമാനിൽ നിന്ന് കൊച്ചിയിലെത്തിയ ഏലപ്പാറ സ്വദേശിയായ 43കാരൻ. വിമാനത്താവളത്തിൽ നിന്ന് ടാക്‌സിയിൽ എറണാകുളം കടവന്ത്രയിൽ എത്തി കൊവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ ആയിരുന്നു.

ജൂൺ 29ന് ഒമാനിൽ നിന്ന് കൊച്ചിയിലെത്തിയ പീരുമേട് സ്വദേശിയായ 30കാരൻ. എറണാകുളത്ത് കൊവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ ആയിരുന്നു.

ജൂൺ 25ന് ജിദ്ദയിൽ നിന്ന് കണ്ണൂർ എയർപോർട്ടിലെത്തിയ ബൈസൺവാലി സ്വദേശി (29)​. വിമാനത്താവളത്തിൽ നിന്ന് ടാക്‌സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. 27ന് രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്നാണ് സ്രവപരിശോധന നടത്തിയത്.

ജൂൺ 20 ന് ഡൽഹിയിൽ നിന്ന് കൊച്ചിയിലെത്തിയ വണ്ടിപ്പെരിയാർ സ്വദേശി (32). വിമാനത്താവളത്തിൽ നിന്ന് ടാക്‌സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു.

ബാംഗ്ലൂരിൽ പൈനാപ്പിൾ ലോഡിറക്കി വന്ന കോടിക്കുളം സ്വദേശിയായ ഡ്രൈവർ. ജൂൺ 11 ന് വാളയാർ ചെക് പോസ്റ്റിലൂടെ 15ന് കോടിക്കുളത്തെത്തി. രോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് സ്രവം പരിശോധനയ്ക്ക് എടുക്കുകയായിരുന്നു.

30നാണ് സ്രവം പരിശോധനയ്ക്കെടുത്തത്.

രോഗ മുക്തർ ഇവർ

 ജൂൺ 12ന് കുവൈറ്റിൽ നിന്നെത്തി 18 ന് രോഗം സ്ഥിരീകരിച്ച കട്ടപ്പന സ്വദേശി (33).

 ജൂൺ 13ന് കുവൈറ്റിൽ നിന്നെത്തി 18ന് രോഗം സ്ഥിരീകരിച്ച വണ്ടന്മേട് സ്വദേശി (37)

 ജൂൺ 21ന് രോഗം സ്ഥിരീകരിച്ച രാജകുമാരി സ്വദേശി (65)

 തമിഴ്‌നാട് നിന്നെത്തി 21ന് രോഗം സ്ഥിരീകരിച്ച മൂന്നാർ ചൊക്കനാടുള്ള ഒരു കുടുംബത്തിലെ 3 പേർ. മാതാവ് (33), എട്ടും ആറും വയസുള്ള രണ്ട് പെൺകുട്ടികൾ

 ജൂൺ ഒമ്പതിന് തമിഴ്‌നാട്ടിൽ നിന്നെത്തി 21ന് രോഗം സ്ഥിരീകരിച്ച കുമളി സ്വദേശി(52)

 ജൂൺ ആറിന് ബഹ്‌റൈനിൽ നിന്നെത്തി 21ന് രോഗം സ്ഥിരീകരിച്ച മാങ്കുളം സ്വദേശിനി (23)

 ജൂൺ 21ന് രോഗം സ്ഥിരീകരിച്ച കട്ടപ്പനയിലെ ആശാ പ്രവർത്തക(43)

 ജൂൺ 15 ന് കുവൈറ്റിൽ നിന്നെത്തി 22ന് രോഗം സ്ഥിരീകരിച്ച ഇരട്ടയാർ സ്വദേശി (33)

 ജൂൺ 10ന് കുവൈറ്റിൽ നിന്നെത്തി 22ന് രോഗം സ്ഥിരീകരിച്ച രാജാക്കാട് സ്വദേശി (52)

 ജൂൺ 22ന് കട്ടപ്പന സ്വദേശിയുടെ സമ്പർക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ച ആറു വയസുകാരൻ

 ജൂൺ എട്ടിന് സൗദി അറേബ്യയിൽ നിന്നെത്തി ജൂൺ 13ന് കൊവിഡ് സ്ഥിരീകരിച്ച വെള്ളിയാമറ്റം സ്വദേശി (65).