m

കട്ടപ്പന: സമൂഹവ്യാപന ഭീതി ഒഴിവായതോടെ കട്ടപ്പന പൊതുമാർക്കറ്റ് നാളെ മുതൽ തുറക്കും. കണ്ടെയ്ൻമെന്റ് സോണിൽ നിന്നു ഒഴിവാക്കുമെങ്കിലും ചില നിയന്ത്രണങ്ങൾ തുടരും. രോഗബാധിതനായ ഡ്രൈവറുമായി സമ്പർക്കം പുലർത്തിയവരുടെ പരിശോധനഫലം നെഗറ്റീവായതോടെയാണ് മാർക്കറ്റ് തുറക്കാൻ നഗരസഭ തീരുമാനിച്ചത്. ഇതുസംബന്ധിച്ച ഉത്തരവ് ഇന്നുണ്ടായേക്കും. ഇന്നലെ അഗ്നിശമന സേന മാർക്കറ്റും പരിസരവും സോഡിയം ഹൈഡ്രോ ക്ലോറൈഡ് ലായനി ഉപയോഗിച്ച് അണുമുക്തമാക്കി. മാർക്കറ്റിലെ വ്യാപാരികൾ, തൊഴിലാളികൾ, പൊതുജനങ്ങൾ എന്നിവർക്കുള്ള മാർഗരേഖ നഗരസഭ പുറത്തിറക്കി. തമിഴ്‌നാട്ടിലേക്കുള്ള യാത്ര പരാമവധി ഒഴിവാക്കി വ്യാപാരത്തിന് മറ്റു മാർഗങ്ങൾ സ്വീകരിക്കണം. പോയിവരുന്നവർ വീട്ടിൽ നിരീക്ഷണത്തിൽ കഴിയണം. തമിഴ്‌നാട്ടിൽ നിന്ന് സാധനങ്ങളുമായി വരുന്ന വാഹനങ്ങൾ പാറക്കടവിൽ സർവീസ് സ്റ്റേഷനിൽ കഴുകിയശേഷമേ മാർക്കറ്റിൽ പ്രവേശിക്കാവൂ. സാമൂഹിക അകലം പാലിച്ച് സാധനങ്ങൾ വാങ്ങാനുള്ള സൗകര്യമൊരുക്കണം. സാധനങ്ങൾ പുറത്തേയ്ക്കിറക്കിയുള്ള വ്യാപാരം അനുവദിക്കുന്നതല്ല. രണ്ടു മാർക്കറ്റിലും വൺവേ വാഹന ഗതാഗതം ഏർപ്പെടുത്തി. ചരക്ക് വാഹനങ്ങൾക്ക് രാവിലെ ഒമ്പത് മുതൽ വൈകിട്ട് ഏഴുവരെ മാർക്കറ്റിൽ പ്രവേശനമില്ല. വാഹനങ്ങളിൽ സാധനങ്ങൾ വിതരണം ചെയ്യുന്നവർക്കും നിയന്ത്രണമുണ്ട്. പച്ചക്കറി, മീൻ മാർക്കറ്റുകളിൽ ഉപഭോക്താക്കളുടെ വാഹനങ്ങൾക്ക് 20 മിനിറ്റാണ് പാർക്കിംഗ് സമയം. മറ്റ് വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ല. നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും നഗരസഭാദ്ധ്യക്ഷൻ ജോയി വെട്ടിക്കുഴി പറഞ്ഞു.