കട്ടപ്പന: കട്ടപ്പന പഴയ ബസ് സ്റ്റാൻഡ് സ്വകാര്യ വാഹനങ്ങൾ കൈയടക്കിയതോടെ കെ.എസ്.ആർ.ടി.സി ബസുകൾ പെരുവഴിയിൽ. നഗരത്തിലെത്തുന്നവർ ബസ് സ്റ്റാൻഡിൽ അലക്ഷ്യമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഗതാഗതക്കുരുക്കിനും കാരണമാകുന്നു. ഇന്നലെ സ്റ്റേഷൻ മാസ്റ്റർ ഓഫീസ് അടച്ച് വാഹനങ്ങൾ പാർക്ക് ചെയ്തതോടെ കെ.എസ്.ആർ.ടി.സി ബസുകൾ സ്റ്റാൻഡിൽ കയറ്റാനായില്ല. കൂടാതെ മൊബൈൽ വർക്ക്‌ഷോപ്പ് വാഹനവും പാർക്ക് ചെയ്യാൻ സ്ഥലമില്ലാത്തതിനാൽ തിരികെപോയി. വഴിയടച്ചുള്ള അനധികൃത പാർക്കിംഗ് വ്യാപാരികൾക്കും ബുദ്ധിമുട്ടാണ്. പഴയ ബസ് സ്റ്റാൻഡിൽ നിന്നുള്ള അപ്രോച്ച് റോഡിന്റെ ഇരുവശങ്ങളിലുമുള്ള വാഹന പാർക്കിംഗ് അപകടങ്ങൾക്കും ഗതാഗതക്കുരുക്കിനും ഇടയാക്കുന്നു.
പഴയ ബസ് സ്റ്റാൻഡിന്റെ ഇരുവശവും കെ.എസ്.ആർ.ടി.സി. ബസുകൾക്ക് പാർക്ക് ചെയ്യാനായി കയർ കെട്ടി തിരിച്ചിട്ടുണ്ട്. എന്നാൽ പുലർച്ചെ മുതൽ സ്വകാര്യ വാഹനങ്ങൾ ഇവിടം കൈയടക്കുന്നു. രാവിലെ പാർക്ക് ചെയ്യുന്ന വാഹനങ്ങൾ രാത്രി വൈകിയാണ് മാറ്റുന്നത്. ഓപ്പറേറ്റിംഗ് സെന്ററിൽ നിന്നു മൈക്കിലൂടെ മുന്നറിയിപ്പ് നൽകിയിട്ടും ഫലമില്ലെന്നു ഉദ്യോഗസ്ഥരും പറയുന്നു. പൊലീസ് വാഹന പരിശോധന നടത്തുമ്പോൾ മാത്രമാണ് അനധികൃത പാർക്കിംഗിനു ശമനമുള്ളത്. മറ്റു വാഹനങ്ങളുടെ പാർക്കിംഗ് നിരോധിച്ച് മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും പ്രയോജനമില്ല.