 ബാംഗ്ലൂരിൽ പോയ വിവരം മറച്ചുവച്ചു

തൊടുപുഴ: ഇന്നലെ കൊവിഡ്- 19 സ്ഥിരീകരിച്ച കോടിക്കുളം സ്വദേശിയായ ഡ്രൈവർ ബാംഗ്ലൂരിൽ പോയ വിവരം ആരോഗ്യപ്രവർത്തകരോട് മറച്ചുവച്ച് സമൂഹത്തിൽ ഇടപഴകി. കോടിക്കുളം പാറപ്പുഴയുള്ള ഡ്രൈവറാണ് നിരീക്ഷണത്തിലിരിക്കാതെ ജനങ്ങളുമായി സമ്പർക്കത്തിലേർപ്പെട്ടത്. സ്വന്തമായി നാഷണൽ പെർമിറ്റ് ലോറിയുള്ള ഇയാൾ പതിവായി ബാംഗ്ലൂരിൽ പോകാറുള്ളതാണ്. ലോക്ക്‌ ഡൗൺ തുടങ്ങിയ മാർച്ച് മാസം അവസാനം ബാംഗ്ലൂരിൽ പോയി തിരികെ വന്ന് 28 ദിവസം നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നു. എന്നാൽ ജൂൺ 15ന് പൈനാപ്പിളുമായി ബാംഗ്ലൂരിൽ പോയി വന്ന വിവരം ഇയാൾ ആരോഗ്യപ്രവർത്തകരോട് പറഞ്ഞില്ല. ഇതാണ് വിനയായത്. രോഗം സ്ഥിരീകരിച്ചതോടെ ഇയാളുമായി സമ്പർക്കത്തിലേർപ്പെട്ട 17 പേരെ നിരീക്ഷണത്തിലാക്കി. ഇതിൽ ആറ് പേർ നേരിട്ടും 11 പേർ രണ്ടാം സമ്പർക്കപട്ടികയിൽപ്പെട്ടവരുമാണ്. ഡ്രൈവറുമായി നേരിട്ട് സമ്പർക്കത്തിലേർപ്പെട്ടവരിൽ രണ്ട് നഴ്സുമാരും ഉൾപ്പെടുന്നു. പനിയും ചുമയും കാരണം തൊടുപുഴ സഹകരണ ആശുപത്രിയിൽ ഇയാൾ ചികിത്സ തേടിയിരുന്നു. അപ്പോഴാണ് നഴ്സുമാരുമായി സമ്പർക്കത്തിലേർപ്പെട്ടത്. ഡെങ്കിപനിയാണോയെന്ന സംശയത്തെ തുടർന്ന് അയൽവാസിയായ സ്വകാര്യലാബ് ജീവനക്കാരി ഇയാളുടെ രക്തം പരിശോധനയ്ക്ക് എടുത്തിരുന്നു. ഇവരും നിരീക്ഷണത്തിൽ പോയി. അമ്മയും വീട്ടിലെ ജോലിക്കാരിയും ആശുപത്രിയിൽ പോകാൻ സഹായിച്ച ബന്ധുവായ യുവാവുമാണ് നേരിട്ട് സമ്പർക്കത്തിലുള്ള മറ്റുള്ളവർ.