മറയൂർ: രണ്ട് വർഷം മുമ്പ് എറണാകുളം മഹാരാജാസ് കോളേജിൽ കുത്തേറ്റ് മരിച്ച രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയും എസ്. എഫ്. ഐ ജില്ലാ കമ്മിറ്റിയംഗവുമായ അഭിമന്യുവിന്റെ സ്മരണയിൽ ജന്മനാട്. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വിപുലമായ അനുസ്മരണ സമ്മേളനങ്ങൾ ഒഴിവാക്കപ്പെട്ടെങ്കിലും എല്ലായിടങ്ങളിലും സാമൂഹ്യ അകലം പാലിച്ച് രക്ത സാക്ഷി അനുസ്മരണം നടന്നു. അഭിമന്യുവിന്റെ നാടായ വട്ടവട കൊട്ടാക്കമ്പൂരിൽ പുഷ്പാർച്ചനയോട് കൂടി രക്തസാക്ഷിദിനം ആചരിച്ചു. എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് ടിജു തങ്കച്ചൻ പതാക ഉയർത്തി. അനുസ്മരണ യോഗം സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം കെ.വി. ശശി ഉദ്ഘാടനം ചെയ്തു. എസ്. രാജേന്ദ്രൻ എം.എൽ.എ, സി.പി.എം ജില്ലാ കമ്മിറ്റി അംഗം എം. ലക്ഷ്മണൻ, മറയൂർ ഏരിയ സെക്രട്ടറി വി. സിജിമോൻ എന്നിവർ സംസാരിച്ചു. എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി തേജസ് കെ. ജോസ് സ്വാഗതവും സംസ്ഥാന കമ്മിറ്റി അംഗം കൃഷ്‌ണേന്ദു കെ.വി. നന്ദിയും പറഞ്ഞു. ചടങ്ങിൽ അഭിമന്യുവിന്റെ പിതാവ് മനോഹരൻ, അമ്മ ഭൂപതി, സഹോദരൻ പരിജിത്ത് എന്നിവർ പങ്കെടുത്തു.