t

തൊടുപുഴ: ബി.ഡി.ജെ.എസിനെ ജില്ലയിലെ ഏറ്റവും ശക്തമായ പാർട്ടിയാക്കി മാറ്റണമെന്ന പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. ബി.ഡി.ജെ.എസ് ജില്ലാ നേതൃയോഗം തൊടുപുഴയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി.ഡി.ജെ.എസിനെ ജില്ലയിലെ തന്നെ ഏറ്റവും ശക്തമായ പാർട്ടി ആക്കി മാറ്റാൻ കഴിയുന്ന പ്രവർത്തകർ ജില്ലയിൽ തന്നെ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. വരുംദിവസങ്ങളിൽ നിയോജക മണ്ഡലം കമ്മിറ്റികളും പഞ്ചായത്ത് കമ്മിറ്റികളും പുനഃസംഘടിപ്പിച്ച് പാർട്ടിയെ ശക്തിപ്പെടുത്തും. ജില്ലയിലെ സാധാരണക്കാരുടെ വിഷയങ്ങൾ പാർട്ടി ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയിലേക്ക് കടന്നുവന്ന സോജൻ ജോയി പള്ളിക്കരയെ തുഷാർ ഷാൾ അണിയിച്ച് സ്വീകരിച്ചു. ജില്ലാ പ്രസിഡന്റ് വി. ജയേഷ് അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ടി.വി ബാബു, കെ.കെ. മഹേശൻ എന്നിവരുടെ നിര്യാണത്തിൽ അനശോചനം രേഖപ്പെടുത്തിയ ശേഷമാണ് ജില്ലാ നേതൃത്വ ക്യാമ്പ് ആരംഭിച്ചത്. സംസ്ഥാന ട്രഷറർ എ. ജി. തങ്കപ്പൻ, ബി. ഡി. എം. എസ് സംസ്ഥാന പ്രസിഡന്റ് സംഗീത വിശ്വനാഥൻ, പാർട്ടി സംസ്ഥാന സെക്രട്ടറിമാരായ രാജേഷ് നെടുമങ്ങാട്, അനിരുദ്ധ് കാർത്തികേയൻ, സന്ദീപ് പച്ചയിൽ എന്നിവർ സംസാരിച്ചു. ഇടുക്കി ജില്ലാ സെക്രട്ടറി രാജേന്ദ്രലാൽ ദത്ത് സ്വാഗതവും ജില്ലാ വൈസ് പ്രസിഡന്റ് ഡോ. കെ. സോമൻ നന്ദിയും പറഞ്ഞു. ജില്ലാ കമ്മിറ്റി അംഗങ്ങളും നിയോജക മണ്ഡലം പ്രസിഡന്റുമാരും യോഗത്തിൽ പങ്കെടുത്തു.