തൊടുപുഴ: കൊച്ചി- ധനുഷ്‌കോടി ദേശീയപാതയിലെ ഗ്യാപ്പ് റോഡ് നിർമ്മാണത്തിൽ നടന്നത് പരിധി വിട്ട നിയമലംഘനമാണെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാർ പറഞ്ഞു. ഗ്യാപ്പ് റോഡിലെ മലയിടിച്ചിലിനെ തുടർന്ന് നാശനഷ്ടമുണ്ടായ ചിന്നക്കനാൽ, ബൈസൺവാലി പഞ്ചായത്തുകൾ സന്ദർശിക്കുകയായിരുന്നു അദ്ദേഹം. യാതൊരു നിയന്ത്രണങ്ങളുമില്ലാതെ പാറപൊട്ടിക്കുന്നതിനാലാണ് മലയിടിച്ചിൽ നടന്നുകൊണ്ടിരിക്കുന്നത്. എൻ.എച്ച്.എ.ഐ ഉദ്യോഗസ്ഥരെ സാഹചര്യങ്ങളുടെ ഗൗരവം പറഞ്ഞു മനസിലാക്കുന്നതിലും നിയന്ത്രിക്കുന്നതിലും സർക്കാർ പരാജയപ്പെട്ടു. പിന്നിൽ വൻ അഴിമതിയുള്ളതായി സംശയിക്കുന്നു. നാഷണൽ ഹൈവേ അതോറിട്ടിയുടെ വകുപ്പുതല അന്വേഷണം വേണം. റോഡ് നിർമ്മാണത്തിനിടെ മലയിടിഞ്ഞ് നാല് പേർ മരിച്ചിട്ടും പാറഘനനം തുടർന്നു. യാതൊരു മുൻകരുതൽ നടപടിയും സർക്കാർ സ്വീകരിച്ചില്ല. കൃഷിനാശം ഉണ്ടായവർക്ക് മാന്യമായ നഷ്ടപരിഹാരവും പകരം ഭൂമിയും നൽകണം. പ്രദേശത്ത് എൻ.എച്ച്.എ.ഐ അധികൃതരും പൊതുമരാമത്ത് മന്ത്രിയും സന്ദർശിക്കാത്തത് ശരിയല്ല. റോഡ് തകർന്നതോടെ പൂർണമായും ഒറ്റപ്പെട്ട ഈ പ്രദേശത്ത് കൂടി സമാന്തരപാതയുണ്ടാക്കണമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റുമാരായ അലോഷി തിരുതാളി, മയൂര പാണ്ഡി, ബ്ലോക്ക് പഞ്ചായത്തംഗം എൻ. ശശീന്ദ്രൻ, ഡി.സി.സി. മെമ്പർ വി.എസ്. ജോസഫ് എന്നിവർ ഒപ്പമുണ്ടായിരുന്നു.