മൂലമറ്റം: ബസ് ചാർജ് വർധന നിലവിൽ വന്നതോടെ മൂലമറ്റത്തു നിന്നും തൊടുപുഴയിൽ എത്താൻ ചുരുങ്ങിയത് 34 രൂപ നൽകണം.ബസ് ചാർജ് വർധിപ്പിക്കുന്നതിനു മുമ്പ് മൂലമറ്റം -തൊടുപുഴ ചാർജ് 20 രൂപയായിരുന്നു. ഇപ്പോഴത് 26 രൂപയായി.മൂലമറ്റത്തു നിന്നും തൊടുപുഴയ്ക്ക് വരുന്ന ബസുകൾ കോതായികുന്ന് ബൈപാസ് വഴി സ്റ്റാൻഡിലെത്തി യാത്രക്കാരെ സ്റ്റാൻഡിൽ ഇറക്കി വിടും.സ്റ്റാൻഡിൽ ഇറങ്ങാൻ ഉള്ളവരെ ഇറക്കിവിട്ടതിന് ശേഷം ടൗണിലേക്ക് വരുവാനുള്ള യാത്രക്കാരെ ടൗൺ ഹാളിൻ്റെ ഭാഗത്തേക്ക് കൊണ്ടുവിടണം എന്നാണ് നിയമം. എന്നാൽ സർവീസ് നടത്തുന്ന ബസുകൾ ഇത് പാലിക്കുന്നില്ല. ഇതിനാൽ സ്റ്റാൻഡിൽ ഇറങ്ങുന്ന യാത്രക്കാർ ഗാന്ധിസ്ക്വയർ, സിവിൽ സ്‌റ്റേഷൻ എന്നിവിടങ്ങളിൽ എത്തണമെങ്കിൽ വീണ്ടും മറ്റ് ബസുകളിൽ കയറി 8 രൂപ നൽകണം. ഫലത്തിൽ ടൗണിലേക്ക് വരുവാൻ 34 രൂപ മുടക്കേണ്ട അവസ്ഥയാണ്.പലരും സ്റ്റാൻഡിൽ ഇറങ്ങി ഓട്ടോറിക്ഷ വിളിച്ചാണ് ലക്ഷ്യസ്ഥാനത്ത് എത്തുന്നത്. ബസ് ചാർജ് കൂട്ടിയ സാഹചര്യത്തിൽ യാത്രക്കാരെ ടൗണിലേക്ക് കൊണ്ടുവിടണമെന്നാണ് യാത്രക്കാരുടെ ആവശ്യം. സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കെത്തുന്ന ചെറിയ വരുമാനക്കാരാണ് അധിക പണചെലവിൽ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നത്.