ആദ്യഗഡുവായി എട്ട് ലക്ഷം

തൊടുപുഴ: നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിന് എം.എൽ.എ ഫണ്ടിൽ നിന്ന് തുക അനുവദിച്ച പി.ജെ. ജോസഫ് യുദ്ധകാലാടിസ്ഥാനത്തിൽ പണികൾ പൂർത്തിയാക്കാൻ നിർദേശിച്ചു. തൊടുപുഴയിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിന് തൊടുപുഴ മർച്ചന്റ്‌സ് അസോസിയേഷന്റെ നിരന്തരമായ ഇടപെടലിനെ തുടർന്ന് പി.ജെ. ജോസഫ് വിളിച്ചുചേർത്ത വിവിധ വകുപ്പുകളുടെ യോഗത്തിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ മാസ്റ്റർ പ്ലാൻ അനുസരിച്ച് കാഞ്ഞിരമറ്റം കവലയിലെ കൾവർട്ട് പൊളിച്ചുപണിയാൻ തീരുമാനിച്ചു. നിർമാണപ്രവർത്തനങ്ങൾക്കുള്ള ആദ്യ ഗഡുവായാണ് എം.എൽ.എയുടെ ആസ്ഥി വികസന ഫണ്ടിൽ നിന്ന് എട്ട് ലക്ഷം രൂപ അനുവദിച്ചത്. നീരൊഴുക്ക് തടസപ്പെടുത്തുന്ന തരത്തിലുള്ള നിർമ്മാണ പ്രവർത്തനങ്ങൾ മാറ്റി സഹകരിക്കണമെന്ന് എം.എൽ.എ കെട്ടിട ഉടമകളോട് ആവശ്യപ്പെട്ടു. ഭീമ ജംഗ്ഷനിലെ തോട് വീതി കൂട്ടുന്നതിനും പ്ലാസ കോംപ്ലക്‌സിന് മുൻവശം ഗ്രിൽ സ്ലാബും ഇടാൻ തീരുമാനിച്ചു. കൂടാതെ സീമാസ് ജംഗ്ഷനിലെ കൾവർട്ട് പൊളിച്ച് ഉയർത്തുന്നതിനും തോടിന് വീതി കുറഞ്ഞ സ്ഥലത്തെ കെട്ടിട ഉടമകൾ സൗജന്യമായി സ്ഥലം വിട്ടുതരികയാണെങ്കിൽ തോട് പുനർനിർമ്മിക്കുന്നതിന് ആവശ്യമായ പണം തരാമെന്നും എം.എൽ.എ പറഞ്ഞു. തൊടുപുഴയിലെ വ്യാപാരികളുടെ നിരന്തരമായ ആവശ്യമായിരുന്നു തൊടുപുഴയിലെ വെള്ളക്കെട്ട് പരിഹരിക്കുക എന്നത്. മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഫണ്ട് അനുവദിച്ച പി.ജെ. ജോസഫ് എം.എൽ.എയ്ക്ക് നന്ദി അറിയിച്ചു. ജനറൽ കൺവീനർ വേണു ഇ.എ.പി, ബ്ലോക്ക് പ്രസിഡന്റ് എൻ.പി. ചാക്കോ, ജനറൽ സെക്രട്ടറി നാസർ സൈര, വൈസ് പ്രസിഡന്റുമാരായ ടോമി സെബാസ്റ്റ്യൻ, അജീവ്, സെക്രട്ടറിമാരായ ഷരീഫ് സർഗം, ബെന്നി ഇല്ലിമൂട്ടിൽ എന്നിവർ സംസാരിച്ചു.