തേക്കടി: ആരവങ്ങളില്ലാതെ ആനകളെത്തി, തങ്ങൾക്കുള്ള ആഹാരം ഏറ്റുവാങ്ങി നന്ദിയോടെ മടങ്ങി. പാപ്പാൻമാർക്ക് പകരം എം. എൽ. എ യും ഉദ്യോഗസ്ഥരും ആഹാരം നൽകിയപ്പോൾ അതൊക്കെ ആവോളം കഴിച്ച് സന്തോഷത്തോടെയായിരുന്നു മടക്കം.കൊവിഡ് അതിജീവനപദ്ധതികളുടെ ഭാഗമായി മൃഗസംരക്ഷണ വകുപ്പ് ആനകൾക്ക് ഭക്ഷ്യവസ്തുക്കൾ നൽകുന്ന പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങിലാണ് ആനക്കമ്പം എല്ലാവരിലും ആവേശം പകർന്നത്. തങ്ങൾക്കുള്ള തീറ്റ നൽകുന്നതിനാതി എത്തിയതരെ വണങ്ങിയശേഷമായിരുന്നു റാഗിവെള്ളവും ശർക്കരയും പഴവുമടക്കമുള്ളവ കഴിച്ചത്. ആനകൾക്കുള്ള ഖരാഹാര വിതരണപദ്ധതിയുടെ ഉദ്ഘാടനം കുമളി എലഫന്റ് ക്യാമ്പിൽ ഇ.എസ് ബിജിമോൾ എംഎൽഎ നിർവ്വഹിച്ചു. കുമളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബാ സുരേഷ് അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്തംഗം കുഞ്ഞുമോൾ ചാക്കോ, അഴുത ബ്ലോക്ക് പഞ്ചായത്തംഗം അബ്ദുൾ റസാഖ്, പഞ്ചായത്തംഗങ്ങളായ ഉഷാ രാജൻ, കെ എസ് ഷാജി മോൻ, ആൻസി ജെയിംസ്, മൃഗസംരക്ഷണ വകുപ്പ് ജില്ലാ ഓഫീസർ ജിജിമോൻ ജോസഫ്, ഡെപ്യൂട്ടി ഡയറകടർ ഡോ.ബിനോയി പി മാത്യു, അസിസ്റ്റന്റ് പ്രൊജക്ട് ഓഫീസർ ഡോ. കെ എം ജേക്കബ്, പി ആർ ഒ ഡോ. ബിജു ജെ ചെമ്പരത്തി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
പ്രയോജനം
ഇരുപത് ആനകൾക്ക്
15 വയസ്സിന് മുകളിൽ പ്രായമുള്ള ജില്ലയിലെ 20 ആനകൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. ദിവസവും 400 രൂപ വിലവരുന്ന ഭക്ഷണവസ്തുക്കൾ 40 ദിവസത്തേക്ക് എന്ന കണക്കിലാണ് ആനകൾക്ക് നൽകുന്നത്. 20 ആനകൾക്കും ചേർന്ന് 2400 കിലോ വീതം അരിയും റാഗിയും 3200 കിലോഗ്രാം ഗോതമ്പും 400 കിലോ മുതിരയും ചെറുപയറും 80 കിലോ ഉപ്പും 8 കിലോഗ്രാം മഞ്ഞൾപ്പൊടിയും 120 കിലോ ശർക്കരയും നൽകും. ആനകൾക്ക് മാത്രം ഭക്ഷണവസ്തുക്കൾക്ക് ലഭ്യമാക്കാൻ 3.2 ലക്ഷം രൂപ വകയിരുത്തിയിട്ടുള്ളത്.