തൊടുപുഴ: ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം അനുദിനം വർദ്ധിക്കുമ്പോഴും പലരും സാമൂഹിക അകലവും കൊവിഡ് പ്രതിരോധവും മറന്നമട്ടാണ്. സമ്പർക്കത്തിലൂടെ രോഗം പകരുന്നത് ജില്ലയിൽ കുറവാണെങ്കിലും ഒറ്റപ്പെട്ട സംഭവങ്ങളാണ് ആശങ്കയ്ക്കിടയാക്കുന്നത്. കഴിഞ്ഞ ദിവസം കോടിക്കുളം പാറപ്പുഴയിൽ കൊവിഡ് സ്ഥിരീകരിച്ച ലോറി ഡ്രൈവർ നിരീക്ഷണത്തിലിരുന്നില്ലെന്നത് ഇത്തരത്തിലൊന്നാണ്. ഒരാളുടെ അനാസ്ഥ മൂലം നിരവധിപേരാണ് ബുദ്ധിമുട്ടിലായത്. നഗരത്തിലെ ആശുപത്രിയിലടക്കം പലയിടങ്ങളിലും ഇയാൾ പോയി. ഇതിനകം ഇയാളുമായി ബന്ധപ്പെട്ട ഇരുപതോളം പേരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇയാൾക്ക് രോഗം സ്ഥിരീകരിച്ച വിവരം അറിഞ്ഞ സ്ഥിതിക്ക് വരുംദിവസങ്ങളിൽ സമ്പർക്കത്തിലേർപ്പെട്ട കൂടുതൽ പേർ രംഗത്തുവരുമെന്ന പ്രതീക്ഷയിലാണ് ആരോഗ്യപ്രവർത്തകർ. സമാനമായ രീതിയിൽ നിരീക്ഷണം ലംഘിച്ച് കറങ്ങി നടന്ന തൊടുപുഴയിലെ ബസ് ഡ്രൈവറുമായി ബന്ധപ്പെട്ട് മുപ്പതിലേറെ പേർ ഇപ്പോഴും നിരീക്ഷണത്തിലാണ്. രോഗലക്ഷണങ്ങളൊന്നുമില്ലാതിരുന്ന ഇയാൾക്ക് കഴിഞ്ഞ ദിവസം രോഗം ഭേദമായിരുന്നു. എന്നാൽ ലോറി ഡ്രൈവർക്ക് നല്ലപോലെ രോഗലക്ഷണമുണ്ടെന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു. ഈ സാഹചര്യത്തിൽ സമൂഹത്തിലെ എല്ലാവരും ഒരു പോലെ കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചില്ലെങ്കിൽ സാമൂഹ്യ വ്യാപനത്തിലേക്ക് ജില്ല പോകുമെന്ന് ആരോഗ്യപ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു.
ഇവ മറക്കരുത്
അത്യാവശ്യം ഉള്ളപ്പോൾ മാത്രം പുറത്തിറങ്ങുക
മാസ്‌ക് വായും മൂക്കും മൂടുന്ന വിധം ധരിക്കുക
സംസാരിക്കുമ്പോഴും ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മാസ്‌ക് താഴ്ത്തരുത്
മാസ്‌ക് വലിച്ചെറിയാതെ നിർമ്മാർജ്ജനം ചെയ്യുക
കൈകൾ ഇടയ്ക്കിടെ വൃത്തിയാക്കണം
കൈകൾ മുഖത്ത് സ്പർശിക്കരുത്
മറ്റു വസ്തുക്കളിലുള്ള സ്പർശനവും പരമാവധി ഒഴിവാക്കണം
പൊതുസ്ഥലത്ത് തുപ്പാതിരിക്കാൻ ശ്രദ്ധിക്കണം
'സമീപത്തുള്ള ഏതൊരാളും കോവിഡ് രോഗി ആകാൻ സാധ്യതയുണ്ട് എന്ന് കരുതിക്കൊണ്ട് കൃത്യമായ സാമൂഹിക അകലം പാലിക്കാൻ ഓരോരുത്തരും ശ്രദ്ധിക്കേണ്ടതാണ്. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന ട്രക്ക് ഡ്രൈവർമാരുമായി ആരും ഇടപഴകരുത്. ക്വാറന്റ ൻ മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കും."
-ഡോ. എൻ. പ്രിയ (ജില്ലാ മെഡിക്കൽ ഓഫീസർ)