തൊടുപുഴ: പി.ജെ. ജോസഫ് എം.എൽ.എയുടെ ഞാറ്റുവേല ചലഞ്ചിൽ കൈകോർത്ത് തൊടുപുഴ മർച്ചന്റ്സ് അസോസിയേഷൻ. വിഷരഹിത ഭക്ഷ്യധാന്യങ്ങൾ ഉത്പാദിപ്പിക്കുന്നതിന് പൊതുജനങ്ങൾക്ക് പ്രചോദനം നൽകാൻ പി.ജെ. ജോസഫ് എം.എൽ.എ വിഭാവന ചെയ്ത ഞാറ്റുവേല ചലഞ്ചിന്റെ ഭാഗമായാണ് അരിക്കുഴ കൃഷി ഓഫീസിന് സമീപമുള്ള ആറ് ഏക്കറോളും തരിശുഭൂമിയിൽ കൃഷിയിറക്കിയത്. ഞാറ്രുവേല പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. തൊടുപുഴ മർച്ചന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ രാവിലെ 10.30ന് നടന്ന ചടങ്ങിൽ മർച്ചന്റ്‌സ് അസ്സോസിയേഷൻ പ്രസിഡന്റ് രാജു തരണിയിൽ, ജനറൽ സെക്രട്ടറി നാസർ സൈര, വൈസ് പ്രസിഡന്റ് അജീവ്, ജോയിന്റ് സെക്രട്ടറി ഷെരീഫ് സർഗം, യൂത്ത്‌വിംഗ് പ്രസിഡന്റ് താജു, പഞ്ചായത്ത് പ്രസിഡന്റ് വത്സ ജോൺ, മെമ്പർമാരായ ഷൈനി, റെജി ദിവാകരൻ, ജോയി ജോസഫ്, കൃഷിക്കാരായ ജോജോ, ജോസ് മാത്യു തുടങ്ങിയവരും കൃഷി ഓഫീസർ അടക്കമുള്ള ഉദ്യോഗസ്ഥരും പങ്കെടുത്തു. അതിശക്തമായ മഴയിലും നിരവധിപ്പേർ പരിപാടിയിൽ പങ്കെടുക്കാനെത്തി. വർഷങ്ങളായി പാടശേഖരത്ത് കൃഷി ചെയ്തിരുന്ന കണ്ണമംഗലത്ത് കൃഷ്ണൻകുട്ടി എന്ന പഴയ കർഷകനെ എം.എൽ.എ തൊപ്പിപ്പാള അണിയിച്ച് ആദരിച്ചു . തുടർന്ന് അദ്ദേഹത്തിന്റെ നനഞ്ഞൊലിക്കുന്ന വീടിന്റെ അവസ്ഥ മനസിലാക്കിയ എം.എൽ.എ വീട് പുനർനിർമ്മിക്കാനുള്ള ധനസഹായം ഉടൻ ലഭ്യമാക്കുമെന്ന് ഉറപ്പുനൽകി.