തൊടുപുഴ: ജില്ലയിൽ ഇന്നലെ രണ്ട് പേർക്ക് കൂടി കൊവിഡ്- 19 സ്ഥിരീകരിച്ചു. ജൂൺ 19ന് തമിഴ്‌നാട്ടിലെ കമ്പത്ത് നിന്നെത്തിയ ഉടുമ്പൻചോല സ്വദേശിയായ 27കാരനാണ് രോഗം സ്ഥിരീകരിച്ചത്. കമ്പത്തു നിന്ന് ആട്ടോറിക്ഷയിൽ കുമളി ചെക്‌ പോസ്റ്റിൽ എത്തിയശേഷം ടാക്‌സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. ജൂൺ 23ന് യു.എ.ഇയിൽ നിന്ന് കൊച്ചിയിലെത്തിയ എറണാകുളം പുല്ലേപ്പടി സ്വദേശിയായ 32കാരനാണ് രണ്ടാമത് രോഗം സ്ഥിരീകരിച്ചയാൾ. കൊച്ചിയിൽ നിന്ന് സുഹൃത്തായ നെടുങ്കണ്ടം സ്വദേശിയോടൊപ്പം ടാക്‌സിയിൽ നെടുങ്കണ്ടത്തെത്തി കൊവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്നു. എറണകുളം സ്വദേശിയായ ഇയാൾ ജില്ലയിൽ നിരീക്ഷണത്തിലിരുന്നത് കൊണ്ടാണ് ഇടുക്കിയുടെ കൊവിഡ് കണക്കിൽ വന്നത്. ഇയാളെ കളമശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഉടുമ്പഞ്ചോല സ്വദേശി ഇടുക്കി മെഡിക്കൽ കോളേജിലും ചികിത്സയിലാണ്. ഇന്നലെ ആർക്കും രോഗമുക്തിയുണ്ടായിരുന്നില്ല. നിലവിൽ ജില്ലയിൽ 46 പേരാണ് കൊവിഡ് ബാധിച്ച ് ചികിത്സയിലുള്ളത്.