മറയൂര്: കാന്തല്ലൂർ മലനിരകളിലെ ഗോത്രവർഗ കോളനികളിൽ കുട്ടികൾക്ക് ഓൺ‌ലൈൻ ക്ലാസിനായി ഡീൻ കുര്യാക്കോസ് എം.പി എട്ടു ടി.വികൾ ടി.വി ചലഞ്ചിന്റെ ഭാഗമായി വിതരണം ചെയ്തു. വൈദ്യുതി ഉണ്ടായിട്ടും ടി.വി ഇല്ലാതെ ഓൺ‌ലൈൻ ക്ലാസുകൾ ലഭ്യമല്ലാത്ത കുടികളിലാണ് ടി.വി നൽകിയത്. മറയൂരിൽ കുത്ത് കല്ല് കുടി, കവക്കുടി, ഇന്ദിര നഗർ, കാന്തല്ലൂർ പഞ്ചായത്തിൽ ചുരക്കുളം, മിഷ്യൻ വയൽ, തീർത്ഥ മല, കുളച്ചി വയൽ, ഒള്ളവയൽ എന്നിവിടങ്ങളിലാണ് ടി.വി വിതരണം ചെയ്തത്. ഇന്നലെ രാവിലെ ഒമ്പത് മുതൽ വിവിധ ഗോത്രവർഗ കോളനികളിൽ നടന്ന ചടങ്ങുകളിൽ മറയൂർ പഞ്ചായത്ത് പ്രസിഡന്റ് എൻ. ആരോഗ്യദാസ്, വൈസ് പ്രസിഡന്റ് റെജീന ജോസഫ്, മറയൂർ സഹകരണ ബാങ്ക് പ്രസിഡന്റ് ആൻ‌സി ആന്റണി എന്നിവർ പങ്കെടുത്തു.