watch

കട്ടപ്പന: ഓൺലൈനിൽ 1500 രൂപയുടെ വാച്ച് ബുക്ക് ചെയ്ത യുവാവിന് കിട്ടിയത് കളിപ്പാട്ട വാച്ച്. നരിയംപാറ സ്വദേശിയായ യുവാവാണ് തട്ടിപ്പിനിരയായത്. കഴിഞ്ഞദിവസം ഫേസ്ബുക്കിൽ വന്ന പരസ്യം കണ്ടാണ് കോണ്ടാക്ട് വാച്ചസ് ക്ലബ്ബിന്റെ വെബ്‌സൈറ്റിൽ കയറി വാച്ച് ബുക്ക് ചെയ്തത്. 4000 രൂപ വിലയുള്ള വാച്ച്, 1500 രൂപയ്ക്ക് രണ്ടെണ്ണം വിൽക്കുന്നതായാണ് വെബ്‌സൈറ്റിൽ പരസ്യം ചെയ്തിരുന്നത്. ഇന്നലെ കൊറിയറിൽ വന്ന പെട്ടി 1500 രൂപ കൊടുത്ത് വാങ്ങി തുറന്നപ്പോൾ 50 രൂപ പോലും വിലയില്ലാത്ത വാച്ചാണ് ഉണ്ടായിരുന്നത്. തുടർന്ന് ഓർഡർ ചെയ്ത വെബ്‌സൈറ്റ് പരിശോധിച്ചപ്പോൾ പ്രവർത്തനക്ഷമമായിരുന്നില്ല. വാച്ചിനൊപ്പം ഉണ്ടായിരുന്ന ബില്ലിൽ ഉത്തർപ്രദേശ് ഗൗതം ബുദ്ധ നഗറിലെ വിലാസമാണ് കോണ്ടാക്ട് വാച്ചസ് ക്ലബ്ബിന്റേതായി നൽകിയിട്ടുള്ളത്. കൂടാതെ മൊബൈൽ ഫോൺ ഓർഡർ ചെയ്ത കട്ടപ്പന സ്വദേശിയും തട്ടിപ്പിനിരയായതായി വിവരം ലഭിച്ചിട്ടുണ്ട്.