കട്ടപ്പന: നിലവിലെ സാഹചര്യം മുതലെടുത്ത് ഗാഡ്ഗിൽ റിപ്പോർട്ടിലെ നിർദേശങ്ങൾ അടിച്ചേൽപിക്കാൻ ശ്രമം നടക്കുന്നതായും ഇതിനെ ചെറുക്കുമെന്നും ഹൈറേഞ്ച് സംരക്ഷണ സമിതി. ഗാഡ്ഗിൽ റിപ്പോർട്ടിലെ നിർദേശങ്ങൾ നടപ്പാക്കണമെന്നു ആവശ്യപ്പെട്ട് ഗോ ഫൗണ്ടേഷൻ, റിവർ റിസർച്ച് സെന്റർ കേരള തുടങ്ങിയ നാലു പരിസ്ഥിതി സംഘടനകളാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. തുടർന്ന് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിനും ആറു സംസ്ഥാനങ്ങൾക്കും നോട്ടീസ് അയച്ചു.
ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കില്ലെന്നു കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരുന്നു. കസ്തൂരി രംഗൻ റിപ്പോർട്ടിൽ അന്തിമ വിജ്ഞാപനം വരാനിരിക്കെയാണ് ഇപ്പോഴത്തെ നീക്കം. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കിടെ കുട്ടികളെ മുൻനിർത്തിയാണ് കോടതി ഇടപെടൽ വഴി നിർദേശങ്ങൾ അടിച്ചേൽപിക്കാൻ നീക്കം നടക്കുന്നത്. പരിസ്ഥിതി സംരക്ഷണത്തിന്റെ പേരിൽ ജനങ്ങളെ ബുദ്ധിമുട്ടിക്കാനുള്ള ശ്രമം ചെറുക്കും. വിഷയത്തിൽ കേന്ദ്രസംസ്ഥാന സർക്കാരുകൾ ഇടപെടണം. കേസിൽ കക്ഷി ചേരാൻ സമിതിയുടെ ലീഡൽ അഡ്വൈസർ ജോയ്‌സ് ജോർജിനെ ചുമതലപ്പെടുത്തിയതായും ഭാരവാഹികളായ ആർ. മണിക്കുട്ടൻ, സി.കെ. മോഹനൻ, കെ.കെ. ദേവസ്യ, മൗലവി മുഹമ്മദ് റഫീഖ് അൽ കൗസരി, ജോസ് കുഴിപ്പിള്ളിൽ എന്നിവർ അറിയിച്ചു.