ഇടുക്കി: കേന്ദ്രസംസ്ഥാന സർക്കാരുകൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ജനപങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന ജലജീവൻ മിഷൻ പദ്ധതിയിലൂടെ ഗ്രാമീണ മേഖലയിലെ മുഴുവൻ വീടുകൾക്കും ഗുണനിലവാരമുള്ള കുടിവെള്ളം ലഭ്യമാക്കും. ആദ്യ ഘട്ടത്തിൽ ജില്ലയിലെ 32 പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. അതോടൊപ്പം ജലക്ഷാമം നേരിടുന്നതും ജലനിധി പദ്ധതിയുള്ള പഞ്ചായത്തുകളെയും പദ്ധതിയിൽ ഉൾപ്പെടുത്തും. പദ്ധതി നടത്തിപ്പിനായി ഗ്രാമ പഞ്ചായത്ത് തലത്തിൽ ഓരോ വീടുകളിലും പ്രവർത്തിക്കുന്ന ടാപ്പുകളുടെ ആവശ്യകത കണക്കാക്കി കർമ്മ പദ്ധതി തയ്യാറാക്കും. പഞ്ചായത്തുകളിലെ കർമ്മ പദ്ധതികളും വാർഷിക പദ്ധതികളും ക്രോഡീകരിച്ചു ജില്ലാതല പദ്ധതികൾ തയാറാക്കി സംസ്ഥാന ജല ശുചിത്വ സമിതിക്ക് കൈമാറും. ജലജീവൻ മിഷൻ പദ്ധതിയുടെ ഏകോപന സമിതി യോഗം ജില്ലാ കളക്ടർ എച്ച് ദിനേശന്റെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്നു. യോഗത്തിന് അഡ്വ. ഡീൻ കുര്യാക്കോസ് എംപി നേതൃത്വം നൽകി.

ഓരോ പഞ്ചായത്തിലും ഇത് സംബന്ധിച്ച് യോഗങ്ങൾ ചേർന്ന് ജൂലായ് 20 നകം കർമ്മ പദ്ധതി രൂപീകരിച്ചു ജില്ലാ ജല ശുചിത്വ സമിതിക്ക് നൽകാൻ ജില്ലാ കളക്ടർ നിർദ്ദേശിച്ചു.യോഗത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ പ്രിയ, സുപ്രണ്ടിഗ് എഞ്ചിനീയർ അനിൽ കുമാർ, എക്‌സിക്യൂട്ടീവ് എഞ്ചിനീയർ കെകെ അനിരുദ്ധൻ ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.

കേന്ദ്ര സംസ്ഥാന പദ്ധതി

രാജ്യത്തെ എല്ലാ ഗ്രാമീണവീടുകളിലും 2024 ഓടെ കുടിവെള്ളം എത്തിക്കുന്നതിന് 50:50 അനുപാതത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ യോജിച്ച് നടപ്പാക്കുന്ന പദ്ധതിയാണ് ജലജീവൻ മിഷൻ പദ്ധതി.

സംസ്ഥാനതലത്തിൽ ജലജീവൻ മിഷൻ പ്രവർത്തനങ്ങളുടെ ഏകോപനം സംസ്ഥാന ജല ശുചിത്വ മിഷനും ജില്ലാതലത്തിൽ ജില്ല ജല ശുചിത്വമിഷൻ ആയിരിക്കും.
ജില്ലാ കളക്ടർ ചെയർമാനായും ജല അതോറിറ്റി എക്‌സിക്യൂട്ടീവ് എൻജിനീയർ മെമ്പർ സെക്രട്ടറിയുമായ കമ്മിറ്റിയിൽ വിവിധ വകുപ്പുകളിൽ നിന്നായി 14 അംഗങ്ങളുണ്ട്.