പള്ളിവാസൽ : പഞ്ചായത്തിലെ മീൻകെട്ട് നിവാസികളായ 200ഓളം കുടുംബങ്ങൾക്ക് ആശ്വാസം.പകർന്ന് നിർമ്മാണം പൂർത്തിയാക്കിയ മീൻകെട്ട് പാലം പൊതുജനങ്ങൾക്കായി തുറന്നു നൽകി. എസ് രാജേന്ദ്രൻ എംഎൽ.എ പാലത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. പള്ളിവാസൽ പവർഹൗസിന്റെ ഭാഗമായ പെൻസ്റ്റോക്കുകൾ കടന്നു പോകുന്നതിനാൽ ഈ മേഖലയിലേക്കുള്ള വാഹനയാത്ര ബുദ്ധിമുട്ടായിരുന്നു. താൽക്കാലികമായ നടപ്പാതകളിലൂടെയായിരുന്നു പ്രദേശവാസികൾ മൂന്നാർ, അടിമാലി തുടങ്ങിയ മേഖലകളിലേക്ക് സഞ്ചരിച്ചിരുന്നത്. എന്നാൽ പാലത്തിന്റെ നിർമ്മാണം പൂർത്തിയായതോടെ വാഹനയാത്ര സാദ്ധ്യമാകുമെന്നതിന്റെ സന്തോഷത്തിലാണ് പ്രദേശവാസികൾ. എം.എൽ.എ ഫണ്ടിൽ നിന്ന് അനുവദിച്ച 75 ലക്ഷം രൂപ മുതൽ മുടക്കിയാണ് പാലത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. മന്ത്രി എം.എം.മണിയുടെ ഇടപെടലിലൂടെ കെ.എസ്.ഇ.ബിയുടെ അനുമതി ലഭിച്ച ശേഷമായിരുന്നു പാലത്തിന്റെ നിർമ്മാണം പൂർത്തികരിച്ചത്.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. രാമർ, പഞ്ചായത്ത് അംഗം സരസു ശശി, എം.എം കുഞ്ഞുമോൻ,കെ. ആർ ജയൻ, പ്രതീഷ്‌കുമാർ, തേജസ് കെ ജോസ് തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.