ഇടുക്കി: ശാന്തമ്പാറയ്ക്ക് സമീപം രാജപ്പാറയിലെ സ്വകാര്യ റിസോർട്ടിൽ കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് മുന്നൂറോളം പേർ പങ്കെടുത്ത നിശാ പാർട്ടിയും ബെല്ലി ഡാൻസും സംഘടിപ്പിച്ചത് വിവാദമായി. സംഭവത്തിൽ തണ്ണിക്കോട്ട് ഗ്രൂപ്പ് ചെയർമാൻ റോയി കുര്യനടക്കം 48 പേർക്കെതിരെ പൊലീസ് കേസെടുത്തു. ഗ്രാനൈറ്റ് ക്വാറി ഉദ്ഘാടനത്തിന്റെ ഭാഗമായാണ് 'ജംഗിൾ പാലസ് " റിസോർട്ടിൽ പാർട്ടി നടത്തിയത്.
ഉടുമ്പൻചോല വെള്ളക്കൽത്തേരിയിൽ അടഞ്ഞുകിടന്നിരുന്ന പാറമട സമീപകാലത്ത് കോതമംഗലം കേന്ദ്രമായുള്ള തണ്ണിക്കോട് ഗ്രാനൈറ്റ് വാടകയ്‌ക്കെടുത്തിരുന്നു. ജൂൺ 28ന് സ്ഥാപനത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഉടുമ്പൻചോല പഞ്ചായത്തിന് ഒരു കോടി രൂപ സംഭാവന നൽകുമെന്ന് കാണിച്ച് പരസ്യവും നൽകിയിരുന്നു. ഉദ്ഘാടനത്തിന് മതമേലദ്ധ്യക്ഷൻമാരും സിനാമതാരങ്ങളും പൊതുപ്രവർത്തകരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തതായാണ് വിവരം.
28ന് രാത്രി എട്ടിന് റിസോർട്ടിൽ ആരംഭിച്ച പാർട്ടി പുലർച്ചെ മൂന്ന് വരെ നീണ്ടു. മുൻകൂർ അനുമതിയില്ലാതെയാണ് പാർട്ടി നടത്തിയത്. പൊലീസിന്റെ അനുമതി വാങ്ങാതെ അർദ്ധരാത്രിവരെ ഉച്ചഭാഷിണി ഉപയോഗിച്ചു. ബെല്ലി ഡാൻസിനായി ഉക്രേനിയൻ നർത്തകിമാരെ സംസ്ഥാനത്തിന് പുറത്ത് നിന്ന് എത്തിച്ചു. അർദ്ധനഗ്നയായ യുവതി ബെല്ലി ഡാൻസ് നടത്തിയതിന്റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്. പാർട്ടിയിൽ പങ്കെടുത്തവർ പകർത്തിയ ദൃശ്യങ്ങളാണിത്. ഇവർ യുവതിക്കൊപ്പം വേദിയിൽ ചുവട് വയ്ക്കുന്നതും വീഡിയോയിലുണ്ട്.
വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ശാന്തമ്പാറ സി.ഐ കെ.എസ്. ജയന്റെ നേതൃത്വത്തിൽ പാർട്ടി നടന്ന ജംഗിൾ പാലസ് റിസോട്ടിലെത്തി പരിശോധന നടത്തി. 48 പേരുടെ വിവരങ്ങൾ ലഭിച്ചതായി ശാന്തപാറ പൊലീസ് അറിയിച്ചു.