ഒരു മാസത്തിനിടെ നൂറ്റമ്പതോളം കേസുകൾ
തൊടുപുഴ: കൊവിഡിനെതിരെ പൊരുതുന്ന ആരോഗ്യപ്രവർത്തകർക്ക് വെല്ലുവിളിയായി ജില്ലയിൽ ഡെങ്കി പനിയും പടർന്നുപിടിക്കുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ നൂറ്റമ്പതോളം കേസുകളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. ജൂണിൽ മാത്രം 129 പേർക്ക് ഡെങ്കി പിടിപെട്ടു. ഈ മാസത്തിൽ രണ്ടു ദിവസത്തിനിടെ 10 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. സർക്കാർ ആശുപത്രികളിൽ മാത്രമെത്തിയ കണക്കുകളാണിത് . തൊടുപുഴ, പടി. കോടിക്കുളം, പുറപ്പുഴ, കരിമണ്ണൂർ, വണ്ടിപെരിയാർ, കഞ്ഞിക്കുഴി എന്നിവിടങ്ങളിൽ നിന്നാണ് ഡെങ്കിപ്പനി കേസുകൾ കൂടുതലും റിപോർട്ട് ചെയ്തതെന്നാണ് ആരോഗ്യ വകുപ്പധികൃതരുടെ കണക്കുകൾ പറയുന്നത്.
ഡെങ്കിപ്പനി കൂടാതെ എലിപ്പനിയും മഞ്ഞപ്പിത്തവും ജില്ലയിൽ റിപോർട്ട് ചെയ്യുന്നുണ്ട്. മൂന്ന് പേർക്ക് എലിപ്പനിയും സംശയിക്കുന്നുണ്ട്.
കൊതുക് പെരുകുന്നു
നഗരത്തിലും പരിസരപ്രദേശങ്ങളിലും കൊതുകുശല്യം രൂക്ഷമാകുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. വീടിനകത്തും പുറത്തും പൊതുസ്ഥലങ്ങളിലുമെല്ലാം കൊതുകുകൾ പെരുകുകയാണ്. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ഫോഗിംഗ് നടത്തുന്നുണ്ടെങ്കിലും കൊതുക് ശല്യം കുറയുന്നില്ല
ലക്ഷണങ്ങൾ
കടുത്ത പനി, തലവേദന, കണ്ണുകൾക്ക് പിന്നിൽ വേദന, പേശികളിലും സന്ധികളിലും വേദന, ക്ഷീണം, ഛർദി.
'ഡെങ്കി പനിയെ പ്രതിരോധിക്കാനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു. ജൂണിൽ കേസുകൾ കൂടുതലായതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്തിട്ടുള്ള സ്ഥലങ്ങളിൽ വാർഡ് തലത്തിൽ തന്നെ നിരീക്ഷണത്തിന് പ്രത്യേക ടീമിനെ നിയോഗിച്ചിട്ടുണ്ട്. "
-ഡോ. പി.കെ. സുഷമ (ഇടുക്കി ഡെപ്യൂട്ടി ഡി.എം.ഒ)