കട്ടപ്പന: രണ്ടാഴ്ചയ്ക്കുശേഷം നിയന്ത്രണങ്ങളോടെ കട്ടപ്പന പൊതുമാർക്കറ്റുകൾ തുറന്നു. കൊവിഡ് സമൂഹ വ്യാപനഭീതി ഒഴിവായതോടെ കഴിഞ്ഞദിവസം കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കിയിരുന്നു. തുടർന്ന് അഗ്‌നിശമന സേന മാർക്കറ്റുകളും പരിസരവും അണുമുക്തമാക്കി. പഴവർഗ മൊത്തവിപണന കേന്ദ്രത്തിലെ ഡ്രൈവർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് കഴിഞ്ഞ 20 മുതൽ അടച്ചിട്ടത്. ഇന്നലെ മുതൽ രണ്ടു മാർക്കറ്റിലും വൺവേ വാഹന ഗതാഗതം നിലവിൽ വന്നു. ചരക്ക് വാഹനങ്ങൾക്ക് രാവിലെ ഒമ്പത് മുതൽ വൈകിട്ട് ഏഴുവരെ മാർക്കറ്റുകളിൽ പ്രവേശനമില്ല. വാഹനങ്ങളിൽ സാധനങ്ങൾ വിതരണം ചെയ്യുന്നവർക്കും നിയന്ത്രണമുണ്ട്. പച്ചക്കറി, മീൻ മാർക്കറ്റുകളിൽ ഉപഭോക്താക്കളുടെ വാഹനങ്ങൾക്ക് 20 മിനിറ്റാണ് പാർക്കിംഗ് സമയം. വ്യാപാരികളുടേയോ ജീവനക്കാരുടെയോ വാഹനങ്ങൾക്കും പ്രവേശനമില്ല. തമിഴ്‌നാട്ടിലേക്കുള്ള യാത്ര പരാമവധി ഒഴിവാക്കി വ്യാപാരത്തിന് മറ്റു മാർഗങ്ങൾ സ്വീകരിക്കണമെന്ന് വ്യാപാരികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. പോയിവരുന്നവർ വീട്ടിൽ നിരീക്ഷണത്തിൽ കഴിയണം. തമിഴ്‌നാട്ടിൽ നിന്നു സാധനങ്ങളുമായി വരുന്ന വാഹനങ്ങൾ പാറക്കടവിൽ സർവീസ് സ്റ്റേഷനിൽ കഴുകിയശേഷമേ മാർക്കറ്റിൽ പ്രവേശിക്കാവൂ. സാമൂഹിക അകലം പാലിച്ച് സാധനങ്ങൾ വാങ്ങാനുള്ള സൗകര്യമൊരുക്കണം. സാധനങ്ങൾ പുറത്തേയ്ക്കിറക്കിയുള്ള വ്യാപാരം അനുവദിക്കുന്നതല്ല.