ചെറുതോണി: കസ്തൂരിരംഗൻ റിപ്പോർട്ട് സംസ്ഥാനങ്ങൾ നൽകിയ ഭേദഗതികൾ അംഗീകരിച്ച് അന്തിമ വിജ്ഞാപനം ഇറക്കാൻ സാഹചര്യം നിലനിൽക്കെ പരിസ്ഥിതി സംഘടനയായ ഗോവ ഫൌണ്ടേഷൻ ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പിലാക്കാൻ കോടതിയെ സമീപിച്ചതിനു പിന്നിൽ നിഗൂഢതയുണ്ടെന്ന് കേരള കോൺഗ്രസ് (എം) നേതൃയോഗം ആരോപിച്ചു. ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കുന്നത് സംബന്ധിച്ച് തുടർനടപടികൾ സ്വീകരിച്ചാൽ ഇതിനെതിരെ സുപ്രീം കോടതിയിൽ കേസ് നടത്തുന്നതിൽ കേരള കോൺഗ്രസ്(എം) കക്ഷി ചേരും. കസ്തൂരിരംഗൻ റിപ്പോർട്ടിന്മേൽ കേരളം നൽകിയിട്ടുള്ള ദേഭഗതികൾ അംഗീകരിച്ച് അന്തിമ വിജ്ഞാപനം ഇറക്കണമെന്ന് റോഷി അഗസ്റ്റിൻ എംഎൽഎ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ അദ്ധ്യക്ഷത വഹിച്ച നേതൃയോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. അലക്‌സ് കോഴിമല മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ഉന്നതാധികാര സമിതിഅംഗം പ്രൊഫ. കെ.ഐ. ആന്റണി, സംസ്ഥാന ജനറൽ സെക്രട്ടറി ജില്ലാ ജനറൽ സെക്രട്ടറി രാരിച്ചൻ നീറണാംകുന്നേൽ, അഗസ്റ്റിൻ വട്ടക്കുന്നേൽ, ഷാജി കാഞ്ഞമല, ജിൻസൺ വർക്കി, അഡ്വ. എം.എം. മാത്യു, ജിമ്മി മാറ്റത്തിപ്പാറ, സൺസി മാത്യു എന്നിവർ സംസാരിച്ചു.