ആലോചന യോഗം ചേർന്നു
കട്ടപ്പന: തേക്കടി വിനോദസഞ്ചാര കേന്ദ്രം തുറക്കാൻ സമ്മർദം ചെലുത്തുമെന്ന് ഡീൻ കുര്യാക്കോസ് എം.പി. തേക്കടിയിലെ വ്യാപാരികളുടെയും ജീവനക്കാരുടെയും ആലോചന യോഗത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. തേക്കടിയിലേക്കു ആഭ്യന്തര സഞ്ചാരികളെ ആകർഷിക്കുന്നതിനായി പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിന് കേന്ദ്ര ടൂറിസം വകുപ്പിലും ഇടപെടൽ നടത്തും. സുഗന്ധ വ്യഞ്ജനങ്ങളുടെ വിപണന മേഖലയാക്കി കുമളിയേയും തേക്കടിയേയും മാറ്റാനും പരിശ്രമിക്കുമെന്ന് എം.പി. ഉറപ്പുനൽകി. യോഗത്തിന് ഉറപ്പ് നൽകി. ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തുന്നവരുടെ പരിശോധനകൾക്കായി കുമളി ബസ് സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന ക്യാമ്പ് ഓഫീസിന്റെ പ്രവർത്തനമേഖല ചുരുക്കി ബസ് സർവീസ് പുനരാരംഭിക്കുന്ന കാര്യം കലക്ടറുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും എം.പി. അറിയിച്ചു.
ലോക് ഡൗൺ മുതൽ വിനോദസഞ്ചാര മേഖല അടഞ്ഞുകിടക്കുകയാണ്. വ്യാപാരികൾ, ടൂറിസം മേഖലയുമായി ബന്ധപ്പെട്ട സ്ഥാപന ഉടമകൾ, ജീവനക്കാർ, വർക്ക്‌ഷോപ്പ് ഉടമകൾ, ടാക്‌സി ഡ്രൈവർമാർ, ഗൈഡുമാർ തുടങ്ങിയവരാണ് യോഗം ചേർന്നത്. കോഓർഡിനേഷൻ ചെയർമാൻ കെ.എസ്. മുഹമ്മദ്കുട്ടി, കൺവീനർ മജോ കാരിമുട്ടം, ഹോട്ടൽ ആന്റ് റെസ്റ്റോറന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് എ. മുഹമ്മദ് ഷാജി, സ്‌പൈസ് സൊസൈറ്റി പ്രസിഡന്റ് വി.സി. വർഗീസ്, ബിനോയി ജേക്കബ്, സന്തോഷ് ഉമ്മൻ, സനൂപ് സ്‌കറിയ, അബ്ദുൾ സുൽഫി, ഇ.ഐ. ഹനീഫ, സുരേഷ് തേക്കടി, റെജി, ബാബു ഏലിയാസ്, റെജി ജോർജ്, സണ്ണി മാത്യൂ എന്നിവർ നേതൃത്വം നൽകി.