ലാബ് തുടങ്ങുന്നത് തിരഞ്ഞെടുത്ത ഹയർസെക്കന്ററി സ്‌കൂളുകളിൽ

അഞ്ച് എംഎൽഎമാരും ഫണ്ട് അനുവദിച്ചു
ജില്ലയിലെ 39പഞ്ചായത്തുകളിൽ ജലപരിശോധനാ ലാബുകൾ വരും

കുട്ടികൾക്ക് നിത്യജീവിതവുമായി ബന്ധപ്പെട്ട പഠനാനുഭവം ലഭ്യമാകും

തൊടുപുഴ : കുടിക്കാനുള്ള വെള്ളത്തിന്റെ ശുദ്ധി പരിശോധിക്കാൻ ജില്ലയിലെ പഞ്ചായത്തുകളിലും സൗകര്യമൊരുങ്ങുന്നു. ഹരിതകേരളം മിഷൻ പദ്ധതിയുടെ ഭാഗമായിജില്ലയിലെ അഞ്ച് നിയസഭാ സാമാജികരും അവരുടെ മണ്ഡലത്തിലെ തിരഞ്ഞെടുത്ത 39ഹയർസെക്കന്ററി സ്‌കൂളുകളിൽ ജലപരിശോധനാ ലാബ് സ്ഥാപിക്കുന്നതിനുള്ള പ്രപ്പോസൽ ജില്ലാ കളക്ടർക്ക് സമർപ്പിച്ചു.എംഎൽഎ മാരുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നാണ് പണം അനുവദിച്ചത്.ഒരു ലാബിന് 1.25 ലക്ഷം രൂപ വീതമാണ് അനുവദിച്ചിരിക്കുന്നത്. പൊതുമേഖലാ സ്ഥാപനമായ കെഐഐഡിസിയ്ക്കാവും ലാബ് നിർമ്മാണ ചുമതല.
മന്ത്രി എം എം മണി ഉടുമ്പഞ്ചോലയിൽ ഒമ്പത്, എസ് രാജേന്ദ്രൻ എംഎൽഎ ദേവികുളത്ത് ആറ്, പി ജെ ജോസഫ് എംഎൽഎ തൊടുപുഴയിൽ അഞ്ച്, റോഷി അഗസ്റ്റിൻ എംഎൽഎ ഇടുക്കിയിൽ 10, ഇ എസ് ബിജിമോൾ എംഎൽഎ പീരുമേട് 9 എന്നിങ്ങനെയാണ് ലാബുകൾ സ്ഥാപിക്കുക.ഈ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കമിടുന്നതാകും ജലപരിശോധനാ ലാബുകളെന്ന് ഹരിതകേരളം ജില്ലാ കോഓർഡിനേറ്റർ ഡോ. ജി എസ് മധു പറഞ്ഞു.

ലാബിന്റെ
പ്രവർത്തനം

ഇങ്ങനെ
വെള്ളത്തിന്റെ നിറം, ഗന്ധം,പിഎച് മൂല്യം,ലവണ സാന്നിധ്യം,ലയിച്ചു ചേർന്ന ഖരപദാർഥത്തിന്റെ അളവ്,നൈട്രേറ്റിന്റെ അളവ്,അമോണിയ,കോളിഫോം എന്നീ ഘടകങ്ങൾ ബിഐഎസ് മാനദണ്ഡത്തിലുള്ള നിലവാരമുള്ള ഉപകരണങ്ങൾ ഉപയോഗിച്ച് പരിശോധിക്കുന്നതിനുള്ള സജ്ജീകരണങ്ങൾ സ്‌കൂൾ ലാബിലൊരുക്കും.
ആദ്യം അദ്ധ്യാപകർക്കും തുടർന്ന് വിദ്യാർഥികൾക്കും ജല ഗുണനിലവാര പരിശോധനയിൽ പരിശീലനം നൽകും. തുടക്കത്തിൽ കുട്ടികൾ കൊണ്ടുവരുന്ന ജല സാംപിൾ പരിശോധിക്കും. പിന്നീട് പൊതുജനങ്ങൾക്ക് അവരുടെ കുടിവെള്ളവും വാർഡ് തല ശുചിത്വ ആരോഗ്യ സമിതികൾ നിർദ്ദേശിക്കുന്ന പകർച്ചവ്യാധി വ്യാപന മേഖലയിലെ കുടിവെള്ളവും സൗജന്യമായി പരിശോധിക്കാം.പരിശോധിക്കുന്ന സാംപിളുകളുടെ ഗുണനിലവാരം കുട്ടികൾ വാട്ടർ കാർഡിൽ രേഖപ്പെടുത്തും. സമാഹരിച്ച പരിശോധനാ റിപ്പോർട്ടും പരിഹാര നിർദ്ദേശങ്ങളും പഞ്ചായത്ത് മേധാവികളെയും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെയും കുട്ടികൾ അറിയിക്കും.