ഹെഡ്‌പോസ്റ്റ് ഓഫീസ് പരിസരം വനമായി
ഇഴജന്തുക്കളുടെ ശല്യം രൂക്ഷം
കട്ടപ്പന: പരിസരം മുഴുവൻ കാടുകയറിയതോടെ കട്ടപ്പന ഹെഡ്‌പോസ്റ്റ് ഓഫീസ് മന്ദിരം ഇഴജന്തുക്കളുമായി താവളമായി. പാസ്‌പോർട്ട് സേവ കേന്ദ്രം ഉൾപ്പെടെ പ്രവർത്തിക്കുന്ന കെട്ടിടത്തിൽ പാമ്പ് അടക്കമുള്ളവയെ പതിവായി കണ്ടുവരുന്നു. ശനിയാഴ്ച വൈകിട്ട് ഹെഡ്‌പോസ്റ്റ് ഓഫീസിനുള്ളിൽ നിന്നു വെള്ളിക്കെട്ടൻ പാമ്പിനെ പിടികൂടിയിരുന്നു. ജോലിക്കുശേഷം ജീവനക്കാർ പോകുന്നതിനിടെയാണ് പാമ്പിനെ കണ്ടത്. വിവരമറിയിച്ചതിനെ തുടർന്ന് പാമ്പുപിടുത്ത വിദഗ്ധൻ കട്ടപ്പന സ്വദേശി ഷുക്കൂർ സ്ഥലത്തെത്തി പാമ്പിനെ പിടികൂടി വനപാലകർക്ക് കൈമാറുകയായിരുന്നു. ഹെഡ്‌പോസ്റ്റ് ഓഫീസിന്റെ പ്രധാന കവാടം ഒഴികെയുള്ള പരിസര പ്രദേശങ്ങൾ കാടുവളർന്ന് മൂടിയിരിക്കുകയാണ്. ഓഫീസിനുള്ളിലേക്കും കാട്ടുചെടികൾ വളർന്നുനിൽക്കുന്നു. നിരവധി തവണ പാമ്പിനെ കണ്ടതോടെ ജീവനക്കാരും ഓഫീസിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവരും ഭീതിയിലാണ്.
കെട്ടിടത്തിന്റെ മറുവശത്ത് പ്രവർത്തിക്കുന്ന പാസ്‌പോർട്ട് സേവ കേന്ദ്രത്തിലേക്കുള്ള വഴിയും ഇഴജന്തുക്കളുടെ താവളമാണ്. റോഡിന്റെ രണ്ടുവശത്തും കാട്ടുചെടികൾ വളർന്നുനിൽക്കുന്നു. നിരവധി തവണ സൂപ്രണ്ട് അടക്കമുള്ളവർക്ക് പരാതി നൽകിയിട്ടും കാട് വെട്ടിത്തെളിക്കാൻ നടപടിയില്ല. കെട്ടിടത്തിലെ സെപ്ടിക്ക് ടാങ്കിന്റെ സ്ലാബും ഇളകി കിടക്കുന്നതിനാൽ പ്രദേശത്ത് അസഹ്യമായ ദുർഗന്ധമാണ്. ലോക്ക് ഡൗൺ കാലം മുതൽ പാസ്‌പോർട്ട് സേവ കേന്ദ്രം പ്രവർത്തിക്കാത്തതിനാൽ പരിസരത്ത് രാത്രികാലങ്ങളിൽ സാമൂഹിക വിരുദ്ധരും തമ്പടിക്കുന്നു.