ചെറുതോണി: കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ തടയുന്നതിനായി അതിവേഗ പോക്‌സോ ജില്ലാ കോടതി പൈനാവിൽ പ്രവർത്തനമാരംഭിച്ചു. എല്ലാ ജില്ലാസ്ഥാനങ്ങളിലും പോക്‌സോ കോടതി ആരംഭിക്കണമെന്ന കേന്ദ്ര സർക്കാർ നിർദ്ദേശത്തെ തുടർന്നാണ് പൈനാവിൽ ജില്ലാ കോടതിയനുവദിച്ചത്. ജില്ലയിൽ മുമ്പ് തൊടുപുഴയിൽ മാത്രമായിരുന്നു പോക്‌സോ കോടതിയുണ്ടായിരുന്നത്. കട്ടപ്പനയിലും കോടതിയനുവദിച്ചതോടെ ജില്ലയിൽ മൂന്നുപോക്‌സോ കോടതികളുണ്ട്. പൈനാവിൽ ജില്ലാകോടതിയാരംഭിക്കണമെന്ന് ജില്ലാ ആസ്ഥാനം പ്രവർത്തനമാരംഭിച്ചപ്പോൾ മുതലുള്ള ആവശ്യമായിരുന്നു. കോടതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയനും ഹൈക്കോടതി ചീഫ് ജസ്റ്റീസ് എസ്.മണികുമാറും ചേർന്ന് ഓൺലൈനിലൂടെ നിർവ്വഹിച്ചു.ജി. അനിൽ ജില്ലാ ജഡ്ജിയായി ചുമതലയേറ്റു. ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. സി.കെ ബാബു ആശംസകളർപ്പിച്ചു.