ഇടുക്കി: രാജാപ്പാറയിലെ സ്വകാര്യ റിസോർട്ടിൽ നടന്ന നിശാപാർട്ടിയിലെ ബെല്ലി ഡാൻസിനെത്തിയ ഉക്രൈയിൻ യുവതിക്ക് പ്രതിഫലമായി നൽകിയത് അഞ്ചുലക്ഷം രൂപ. മുംബയ് കേന്ദ്രീകരിച്ച് പ്രോഗ്രാമുകൾ അവതരിപ്പിക്കുന്ന സംഘത്തിലെ നാല് സഹനർത്തകിമാർ മലയാളികളാണ്. നർത്തക സംഘം ഫോർട്ട് കൊച്ചിയിലായിരുന്നു താമസം. ഇവർ കേരളം വിട്ടിട്ടില്ലെന്നാണു വിവരം. തൃശൂരിലും സമാന രീതിയിൽ പരിപാടി നടത്താൻ കരാർ ഉണ്ടാക്കിയതായും സൂചനയുണ്ട്. ഇതിനെക്കുറിച്ച് പൊലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണമാരംഭിച്ചു. നിശാപാർട്ടിക്കായി ഇരുനൂറ്റമ്പത് ലിറ്ററോളം മദ്യം റിസോർട്ടിൽ എത്തിച്ചിരുന്നതായി എക്‌സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇന്നലെ റിസോർട്ടിൽ എക്‌സൈസ് പരിശോധന നടത്തി. കൂടുതൽ അന്വേഷണം സിസിടിവി ദൃശ്യങ്ങൾ ലഭിച്ച ശേഷം ഉണ്ടാകും.
ശാന്തമ്പാറയ്ക്ക് സമീപം രാജപ്പാറയിലെ സ്വകാര്യ റിസോർട്ടിലാണ് കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് മുന്നൂറോളം പേർ പങ്കെടുത്ത നിശാ പാർട്ടിയും ബെല്ലി ഡാൻസും സംഘടിപ്പിച്ചത് . സംഭവത്തിൽ തണ്ണിക്കോട്ട് ഗ്രൂപ്പ് ചെയർമാൻ റോയി കുര്യനടക്കം 48 പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഗ്രാനൈറ്റ് ക്വാറി ഉദ്ഘാടനത്തിന്റെ ഭാഗമായാണ് 'ജംഗിൾ പാലസ് " റിസോർട്ടിൽ പാർട്ടി നടത്തിയത്.
ഉടുമ്പൻചോല വെള്ളക്കൽത്തേരിയിൽ അടഞ്ഞുകിടന്നിരുന്ന പാറമട സമീപകാലത്ത് കോതമംഗലം കേന്ദ്രമായുള്ള തണ്ണിക്കോട് ഗ്രാനൈറ്റ് വാടകയ്‌ക്കെടുത്തിരുന്നു. ജൂൺ 28ന് സ്ഥാപനത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഉടുമ്പൻചോല പഞ്ചായത്തിന് ഒരു കോടി രൂപ സംഭാവന നൽകുമെന്ന് കാണിച്ച് പരസ്യവും നൽകിയിരുന്നു. ഉദ്ഘാടനത്തിന് മതമേലദ്ധ്യക്ഷൻമാരും സിനാമതാരങ്ങളും പൊതുപ്രവർത്തകരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു.
ക്രഷർ യൂണിറ്റ്
റവന്യൂ ഭൂമിയിലാണെന്ന്
അതേ സമയം ക്രഷർയൂണിറ്റ് സ്ഥിതി ചെയ്യുന്നത് റവന്യൂ ഭൂമിയിലാണെന്നാണ് ആരോപണം.യൂണിറ്റ് സ്ഥിതി ചെയ്യുന്നത് സർക്കാർ തരിശിലാണെന്നും മുമ്പ് ജില്ലാഭരണകൂടം സ്റ്റോപ് മെമ്മോ നൽകി പ്രവർത്തനം നിർത്തി വപ്പിച്ചതാണെന്നആരോപണവും ഉയരുന്നുണ്ട്.