ചെറുതോണി:കൊവിഡ് രോഗികൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ രോഗികൾക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി ഇടുക്കി മെഡിക്കൽ കോളജിന്റെ അക്കാദമിബ്ലോക്കിൽ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ നാളെ ആരംഭിക്കും. കെട്ടിടത്തിലേയ്ക്കാവശ്യമായ അനുബന്ധ സൗകര്യങ്ങൾ ഗവൺമന്റ് തലത്തിൽ ഒരുക്കും. മറ്റ് ഭൗതിക സൗകര്യങ്ങളും ഭക്ഷണവും സമീപ പഞ്ചായത്തുകളായ മരിയാപുരം , വാഴത്തോപ്പ്, കാമാക്ഷി, കഞ്ഞിക്കുഴി, ഇരട്ടയാർ, വാത്തിക്കുടി, കൊന്നത്തടി, കാഞ്ചിയാർ, കട്ടപ്പന, മുനിസിപ്പാലിറ്റി മറ്റ് സന്നദ്ധ സംഘടനകൾ വ്യാപാരി വ്യവസായി സംഘടനകൾ എന്നിവരിൽ നിന്നും കണ്ടെത്തണമെന്നാണ് സർക്കാർ നിർദ്ദേശം. സി.എഫ്.എൽ.ടി.സിയുടെ സൂപ്രണ്ടായി ഡോ. സിബിജോർജും, നോഡൽ ഓഫീസറായി ഡോ. അരുണിനേയും നിയമിച്ചു. ഈ സ്ഥാപനത്തിന്റെ നടത്തിപ്പിനായി ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റജി മുക്കാട്ട് ചെയർമാനായും ഡോ. സിബി ജോർജ് കൺവീനറായുള്ള സി.ഇ.എൽ.ടി.സി മാനേജിംഗ് കമ്മറ്റിയുടെ പ്രവർത്തനമാരംഭിച്ചു. ഈ കമ്മറ്റിയുടെ പേരിൽ ചെറുതോണി യൂണിയൻ ബാങ്കിൽ 346702010027800 എന്ന നമ്പരിൽ തുടങ്ങിയിരിക്കുന്ന അക്കൗണ്ടിലേയ്ക്ക് ഈ സ്ഥാപനത്തിന്റെ നടത്തിപ്പിനായി സംഭാവനകൾ അയക്കണമെന്ന് ജില്ലാ ഭാരണാധികാരികളാവശ്യപ്പെട്ടു. പദ്ധതിയുടെ ഭാഗമായി ഇടുക്കി മെഡിക്കൽ കോളജ് അക്കാദമി ബ്ലോക്കിൽ ആരംഭിക്കുന്ന കോവിഡ് ഫാസ്റ്റ് ലെവൽ ട്രീറ്റ് മെന്റ് സെന്ററിലേയ്ക്ക് കരിമ്പൻ വ്യാപാരി വ്യാവസായി ഏകോപന സമിതി യൂണിറ്റ് നൽകിയ തുകയും സാധനങ്ങളും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി മുക്കാട്ടും കൺവീനർ ഡോ. സിബി ജോർജും ചേർന്ന് ഏറ്റുവാങ്ങി. അസോസിയേഷൻ പ്രസിഡന്റ് ഡോമിനിക് പൂവത്തിങ്കൽ, കെ.എൻ മുരളി, വിനോയി കുര്യൻ, ലാലു വീരൻമല, ശശികലാ രാജു, എന്നിവർ പങ്കെടുത്തു.