നെടുങ്കണ്ടം: ഒരു കോടി രൂപ കാരുണ്യപ്രവർത്തനത്തിന് എന്ന പേരിൽ സ്വകാര്യ കമ്പനിയിൽ നിന്ന് വാങ്ങി പ്രവർത്താനുമതി നിക്ഷേധിച്ച പാറമടയ്ക്ക് അനുമതി നൽകിയതും വിദേശീയരായ യുവതികളെ ബെല്ലി ഡാൻസിനു വേണ്ടി യാതൊരു വിധ കൊവിഡ് നിയമങ്ങളും പാലിക്കാതെ കേരളത്തിലേക്ക് എത്തിച്ചതും ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാർ പറഞ്ഞു. ദുരിതാശ്വാസ നിധിയിലേക്ക് കോടികൾ നൽകിയെന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണെന്നും ആരാണ് പണം വാങ്ങിയതെന്ന് സി.പി.എം വ്യക്തമാക്കണം. ഗ്രീൻ ട്രൈബ്യൂണൽ നിയമങ്ങൾക്ക് തടയിട്ട് ഇടതുപക്ഷം താത്പര്യം സംരക്ഷിക്കുന്ന ചില വ്യക്തികളെ സഹായിക്കുന്ന നിലപാടാണ് സി.പി.എം സ്വീകരിക്കുന്നത്. ഇതിന് സർക്കാരും വൈദ്യുതി മന്ത്രിയും ഉടുമ്പൻചോലയിലെ ചില പ്രാദേശിക സി.പി.എം നേതാക്കളും കുടപിടിക്കുകയാണ്. കോടികൾ ചിലവഴിച്ച് കൊവിഡ് കാലത്ത് ജനങ്ങളെ ബോധവത്കരിക്കാൻ ശ്രമം നടത്തുന്ന ഇടതു സർക്കാർ പിന്നാമ്പുറത്ത് കൂടെ കോടികൾ വാങ്ങുന്നത് ലജ്ജാകരമാണ്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾക്ക് തിരഞ്ഞെടുപ്പ് കാലത്ത് ജനങ്ങൾ മറുപടി നൽകും. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിച്ചില്ലെങ്കിൽ പൊതുജന പങ്കാളിത്തതോടെ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.