raju

ഇടുക്കി: വന മഹോത്സവത്തിന്റെ ഭാഗമായി ജില്ലയിൽ നാല് ഫോറസ്റ്റ് സ്റ്റേഷനുകൾ ഉദ്ഘാടനം ചെയ്തു. നഗരമ്പാറ, ഇഞ്ചത്തൊട്ടി, വാളറ, മച്ചിപ്ലാവ് ഫോറസ്റ്റ് സ്റ്റേഷനുകളടേയും ഉദ്യോഗസ്ഥർക്ക് താമസിക്കാനുള്ള ബാരക്കുകളടേയും ഉദ്ഘാടനം വീഡിയോ കോൺഫറൻസിങ്ങിലൂടെ വനം മന്ത്രി അഡ്വ. കെ.രാജു നിർവ്വഹിച്ചു. വന സംരക്ഷത്തിലും പരിസ്ഥിതി സംരക്ഷണത്തിലും കേരളം മറ്റ് സംസ്ഥാനങ്ങളെക്കാൾ മുന്നിലാണെന്നും ജൈവ വൈവിദ്ധ്യ സമ്പത്തിനെ സംരക്ഷിക്കാൻ കാര്യക്ഷമമായ പദ്ധതികളാണ് നടപ്പാക്കി വരുന്നതെന്നും വനം മന്ത്രി പറഞ്ഞു. വന്യ ജീവികളുടെ ആവാസ വ്യവസ്ഥ നിലനിർത്തേണ്ടതിന്റെ ആവശ്യകത ഏറെയാണെന്നും ഇതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നതായും അദ്ദേഹം അറിയിച്ചു. കോതമംഗലം എം എൽ എ ആന്റണി ജോൺ അദ്ധ്യക്ഷത വഹിച്ചു. ഡീൻ കുര്യക്കോസ് എം. പി മുഖ്യ പ്രഭാഷണം നടത്തി.
വനം വകുപ്പിനൊപ്പം മറ്റ് സർക്കാർ വകുപ്പുകളും കൈകോർത്താണ് ജില്ലയിൽ വിവിധ പദ്ധതികൾ നടപ്പിലാക്കുക. വന വത്ക്കരണം, മണ്ണ് ജലസംരക്ഷണം, ജൈവ വൈവിദ്ധ്യ പരിപോഷണം, വനങ്ങളിലെ മാലിന്യങ്ങൾ നീക്കൽ തുടങ്ങിയ പരിപാടികളും വന മഹോത്സവത്തിന്റെ ഭാഗമായി നടത്തും. ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ജോർജ്ജി പി.മാത്തച്ചൻ, അടിമാലി പഞ്ചായത്ത് പ്രസിഡന്റ് ദീപ രാജീവ്, കൂട്ടമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ ലാലു, പെരിയാർ ടൈഗർ റിസർവ്വ് ഫീൽഡ് ഡയറക്ടർ അനൂപ് കെ.ആർ, ഡി.എഫ്. ഒ മാരായ സരേഷ് കുമാർ, സാജു വർഗ്ഗീസ്സ്, എം.വി.ജി കണ്ണൻ, വനം വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.