കട്ടപ്പന: കൃഷി ചെയ്യാൻ മനസുണ്ടെങ്കിൽ എന്തിന് ഏറെ സ്ഥലം, പന്ത്രണ്ട് സെന്റ് സ്ഥലമേയുള്ളുവെങ്കിലും അത് മതി അവിടെനിന്നും പൊന്ന് വിളയിക്കാം എന്ന് കാട്ടിത്തരുകയാണ് ലൂസിയെന്ന വീട്ടമ്മ. കട്ടപ്പന പിരിയാനിക്കൽ വീട്ടിൽ പുറത്തുനിന്ന് പച്ചക്കറി വാങ്ങിയിട്ട് മൂന്നുവർഷമായി. വീട്ടമ്മ ലൂസി തോമസിന് അതിന്റെ ആവശ്യം വന്നിട്ടേ ഇല്ല. എന്തിന് വാങ്ങണം എല്ലാം വീട്ടുവളപ്പിൽ കൃഷിചെയ്യുകയാണ് ഈ വീട്ടമ്മ. സവോള, ഉള്ളി, കാരറ്റ് അടക്കം 26 ഇനം പച്ചക്കറികളാണ് വീടിന്റെ പരിസരത്തും പുരയിടത്തിലുമായി ഈ വീട്ടമ്മ കൃഷി ചെയ്യുന്നത്. മുളക്, മഞ്ഞൾ, പിരിയൻ മുളക്(കാശ്മീരി ചില്ലി) അടക്കം കൃഷി ചെയ്ത് പൊടിച്ച് ഉപയോഗിച്ചുവരുന്നു. ജൈവക്കൃഷി രീതിയിൽ മികച്ച പരിപാലനത്തിലൂടെ ഓരോ വിളവെടുപ്പിലും നൂറ്റിയൊന്നുമേനി വിളവാണ്.
പാവൽ, പടവലം, അച്ചിങ്ങ പയർ, ബീൻസ്, വഴുതന, വെണ്ടയ്ക്ക, ബീറ്റ്‌റൂട്ട്, കാബേജ്, ഔഷധഗുണമുള്ള കെയിൽ, വിവിധയിനം ചീരകൾ, തക്കാളി, മത്തങ്ങ, കോവയ്ക്ക, ഉരുളക്കിഴങ്ങ്, ചേന, ചേമ്പ്, കറിവേപ്പില, മല്ലിയില, കാന്താരി, ഇഞ്ചി, കുമ്പളങ്ങ തുടങ്ങിയവയ്ക്ക് പുറമേ വിവിധയിനം വാഴകളും ഫലവൃക്ഷങ്ങളും വേറെ . ആകെയുള്ള പന്ത്രണ്ട് സെന്റിൽ വീടിന്റെ സ്ഥലം കൂടി പോയാൽ ഉള്ള സ്ഥലം വന്നെ ധാരാളം.
അയൽവാസികൾക്കും ബന്ധുക്കൾക്കും നൽകി മിച്ചമുള്ള പച്ചക്കറികൾ കട്ടപ്പനയിലെ കാർഷിക വിപണിയിൽ വിൽക്കുന്നുണ്ട്. വളമായി പച്ചിലകളും വേപ്പിൻ പിണ്ണാക്കും ചാണകവും മണ്ണിര കമ്പോസ്റ്റുമാണ് പ്രധാനമായും പ്രയോഗിക്കുന്നത്. വേപ്പിൻ പിണ്ണാക്കും വേപ്പെണ്ണയും വെളുത്തുള്ളി കഷായവും ഉപയോഗിച്ച് കീടങ്ങളെയും പ്രതിരോധിക്കുന്നു. ലോക്ക് ഡൗൺ കാലത്ത് ലൂസിയുടെ അയൽവാസികൾക്കും ബന്ധുക്കൾക്കും ഒരിക്കൽ പോലും പച്ചക്കറിയുടെ ക്ഷാമമുണ്ടായില്ല. ഈസമയങ്ങളിൽ ഭർത്താവ്മ തോമസ് ജോസിന്റെയും മകൻ അമലിന്റെയും സഹായത്തോടെ കൃഷി കൂടുതൽ പരിപോഷിപ്പിക്കുകയും ചെയ്തു.