ഇടുക്കി: രണ്ടുവയസുകാരിയും കൗമാരക്കാരായ സഹോദരങ്ങളുമടക്കം ആറ് പേർക്ക് ഇന്നലെ ജില്ലയിൽ കൊവിഡ്- 19 സ്ഥിരീകരിച്ചു. ജൂൺ 22ന് ഡൽഹിയിൽ നിന്നെത്തിയ തൊടുപുഴ സ്വദേശികളായ 34കാരിയും മകളുമാണ് രോഗം സ്ഥിരീകരിച്ച ആദ്യ രണ്ട് പേർ. കൊച്ചിയിൽ നിന്ന് ടാക്‌സിയിൽ വീട്ടിലെത്തി ഇവർ നിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങളെ തുടർന്ന് നാലിന് സ്രവം പരിശോധനയ്ക്കെടുക്കുകയായിരുന്നു. ഇവരുടെ ഒമ്പത് വയസുകാരനായ മകന്റെ പരിശോധനാ ഫലം നെഗറ്റീവാണ്. ജൂൺ 24ന് തമിഴ്‌നാട്ടിൽ നിന്ന് വന്ന 17, 18 വയസ് പ്രായമുള്ള സഹോദരങ്ങളായ പാമ്പാടുംപാറ സ്വദേശികൾക്ക് രോഗം സ്ഥിരീകരിച്ചു. പിതാവിനോടൊപ്പം ഇരുവരും സ്വന്തം കാറിൽ തേനിയിൽ നിന്ന് വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. ജൂൺ 27ന് അബുദാബിയിൽ നിന്ന് വിമാനത്തിൽ തിരുവനന്തപുരത്ത് എത്തിയ മറയൂർ സ്വദേശിയായ 29കാരനും രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് നിന്ന് ടാക്‌സിയിൽ മറയൂർ കോവിൽകടവിലെ വീട്ടിലെത്തി നിരീക്ഷണത്തിൽ ആയിരുന്നു. ജൂൺ 30ന് ബാംഗ്ലൂരിൽ നിന്ന് വന്ന ഇരട്ടയാർ സ്വദേശിയായ 29കാരനും രോഗം സ്ഥിരീകരിച്ചു. ബാംഗ്ലൂരിൽ ജോലി ആവശ്യത്തിന് പോയ ഇദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് 13 പേരടങ്ങുന്ന സംഘം ട്രാവലറിൽ പാലക്കാട് എത്തി. അവിടെ നിന്ന് ബൈക്കിൽ ആലപ്പുഴയിൽ സുഹൃത്തിനെയാക്കിയ ശേഷം നെടുങ്കണ്ടത്തെത്തി കൊവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്നു.