ശനിയാഴ്ച്ച ഉദ്ഘാടനം മുഖ്യമന്ത്രി നിർവ്വഹിക്കും

തൊടുപുഴ: മലങ്കര അണക്കെട്ടിന്റെ ഔദ്യോഗിക ഉദ്ഘാടനം 10 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. കൊവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ വീഡിയോ കോൺഫറൻസിങ്ങ് സംവിധാനത്തിലൂടെ ഉദ്ഘാടനം ചെയ്യാനാണ് ഔദ്യോഗിക തലത്തിലുള്ള തീരുമാനം. ജലവിഭവ മന്ത്രി കെ കൃഷ്ണൻ കുട്ടി, വൈദ്യുതി മന്ത്രി എം എം മണി, പി ജെ ജോസഫ് എം എൽ എ, ഡീൻ കുര്യാക്കോസ് എം പി മറ്റ് ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ എന്നിവർ ഉദ്‌ഘാടനത്തിൽ പങ്കെടുക്കും.

1974 കാലഘട്ടത്തിൽ ഇതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. എന്നാൽ 46 വർഷങ്ങൾ പൂർത്തിയാകാറായിട്ടും മാറിമാറി വന്ന സർക്കാരുകളുടെ താല്പര്യക്കുറവിനാൽ നിർമ്മാണം എങ്ങും എത്തിയിരുന്നുമില്ല. ഇതിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് തുടക്കം മുതൽ വ്യാപകമായ അഴിമതി ആരോപണങ്ങളും ഉയർന്നിരുന്നു. മലങ്കര പദ്ധതി ആരംഭിച്ചതിന് ശേഷം മറ്റ് സ്ഥലങ്ങളിൽ ആരംഭിച്ച സമാന പ്രവർത്തികൾ മിക്കതും പൂർത്തിയാവുകയും ചെയ്തിരുന്നു. പദ്ധതിയുടെ പൂർത്തീകരണം നീണ്ട് പോയെങ്കിലും 1994 നവംബർ 1 ന് ഭാഗികമായി കമ്മീഷൻ ചെയ്ത് പ്രവർത്തനം ആരംഭിച്ചു.

ലക്ഷ്യം :- കൃഷിയും വൈദ്യതി ഉല്പാദനവും തൊടുപുഴയാറിന്റെ ഭാഗമായി മലങ്കരയിൽ അണക്കെട്ട് നിർമ്മിച്ച് കനാൽ മാർഗം കരിങ്കുന്നം -മണക്കാട് - ഏറ്റുമാനൂർ, ഇടവെട്ടി - കുമാരമംഗലം - പോത്താനിക്കാട് ഭാഗങ്ങളിലേക്ക് കൃഷി ആവശ്യത്തിന് വെള്ളം എത്തിക്കുക, അണക്കെട്ടിനോട് അനുബന്ധിച്ച് മിനി ജല വൈദ്യുതി നിലയം സ്ഥാപിച്ച് വൈദ്യുതി പ്രതി സന്ധി പരിഹരിക്കുക എന്നീ ലക്ഷ്യത്തോടെയായിരുന്നു പദ്ധതി വിഭാവനം ചെയ്തത്.

മലങ്കര പദ്ധതി:-

കനാൽ ദൂരം:- വലത് കനാൽ 74.273 കി. മീറ്റർ. ഇടത് കനാൽ 92.743 കി. മീറ്റർ. വിസ്തൃതി:- 153 സ്ക്വയർ കി. മീറ്റർ ചുറ്റളവ്. ഷട്ടർ :- 6 എണ്ണം. പരമാവധി ജലസംഭരണം:- 42 മീറ്റർ. വൈദ്യുതി ഉത്പാദനം:- പ്രതിവർഷം 44 ദശലക്ഷം യൂണീറ്റ്. വൈദ്യുതി പദ്ധതി ഉദ്ഘാടനം :- 2005 ആഗസ്റ്റ് 6. വൈദ്യുതി വിതരണം:- തൊടുപുഴ, മൂലമറ്റം മേഖല.