തൊടുപുഴ: മദ്ധ്യവയസ്‌കന്റെ കൈയ്ക്ക് വെട്ടി പരിക്കേൽപ്പിച്ച ശേഷം യുവാവിന്റെ മാലയുമായി കടന്നുകളഞ്ഞ പ്രതികൾ പൊലീസ് പിടിയിലായി. പാലക്കുഴ കുന്നുമേൽ സ്റ്റീഫൻ ജോർജിനെ ആക്രമിച്ച് ഒപ്പമുണ്ടായിരുന്ന സഹോദരന്റ മകൻ ആദിത്യന്റെ (17) ഒന്നേകാൽ പവൻ മാല കവർന്ന സംഭവത്തിലാണ് ഏഴഞ്ചേരി കുന്നേൽ വിഷ്ണു (26), തൃശ്ശൂർ വടക്കേചേരി വരടിയാട്ടിൽ അനുരാഗ് (20), പിറവം ഓണക്കൂർ ചിറ്റേതറ ശിവൻ (31) എന്നിവരെ കൂത്താട്ടുകുളം പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച വൈകിട്ട് 5.30 ഓടെ നെടിയശാലയിലായിരുന്നു സംഭവം. സ്റ്റീഫനും ആദിത്യനും ആട്ടോറിക്ഷയിൽ വരുന്നതിനിടെ റോഡിന് നടുവിൽ നിറുത്തിയ കാർ കണ്ടു. ഇറങ്ങി കാര്യം അന്വേഷിച്ചതോടെ കാറിലുണ്ടായിരുന്ന സംഘം ഇവരെ അസഭ്യം പറഞ്ഞു. ഇത് ചോദ്യം ചെയ്തതോടെ വാക്കേറ്റമുണ്ടായി. തുടർന്ന് ആട്ടോറിക്ഷയെടുത്ത് പോകാൻ ശ്രമിച്ചെങ്കിലും പിന്നാലെ എത്തി ആട്ടോറിക്ഷയുടെ ചില്ലടിച്ച് തകർത്ത ശേഷം ആദിത്യന്റെ മാല കവരുകയായിരുന്നു. തടയാൻ ശ്രമിക്കുന്നതിനിടെയാണ് കൈയ്ക്ക് കത്തി കൊണ്ട് വെട്ടുന്നതെന്ന് സ്റ്റീഫൻ പറയുന്നു. തുടർന്ന് ഇവർ കുത്താട്ടുകുളത്തിന് സമീപം കിഴകൊമ്പ് വളപ്പിൽ കനാൽ പരിസരത്ത് വച്ച് സ്‌കൂട്ടർ യാത്രക്കാരെന്റയും മാല പൊട്ടിച്ച് കടന്നുകളയാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാരുടെ പിടിയിലാകുകയായിരുന്നുവെന്ന് തൊടുപുഴ പൊലീസ് പറഞ്ഞു. ഇതിനിടെ രണ്ട് പേർക്ക് പരിക്കേറ്റു. കിഴകൊമ്പ് മെലഡിയിൽ എം.ടി വിനീത് (30), ചാലക്കയൽ വേണു എന്നിവർക്കാണ് പരിക്കേറ്റത്. പിടിയിലായവർ വാഹനങ്ങളിൽ നടന്ന് മോഷണവും ആക്രമണവും നടത്തുന്നവരാണെന്ന് പൊലീസ് പറഞ്ഞു. വിഷ്ണു വേറയും കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട്. പിടിയിലായ പ്രതികൾ മൂവാറ്റുപുഴ ഡി.വൈ.എസ്പി ഓഫീസിനു സമീപമുള്ള പ്രത്യേക കേന്ദ്രത്തിൽ നിരീക്ഷണത്തിലാണ്. സംഭവവുമായി ബന്ധപ്പെട്ട് തൊടുപുഴ പൊലീസ് കൂത്താട്ടുകുളത്തെത്തി പ്രതികളെ തിരിച്ചറിഞ്ഞു. സംഭവത്തിൽ കേസെടുത്തതായും തൊടുപുഴ പൊലീസ് അറിയിച്ചു.